കൈക്കുഞ്ഞിനെ കൊലപ്പെടുത്തിയത് കാല്‍മുട്ടുകൊണ്ട് തലയ്ക്കടിച്ച്; അമ്മയും സുഹൃത്തും അറസ്റ്റിൽ
1376166
Wednesday, December 6, 2023 6:19 AM IST
കൊച്ചി: കറുകപ്പിള്ളിയിലെ ലോഡ്ജില്‍ ഒരു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും സുഹൃത്തും അറസ്റ്റില്‍. എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന് (25), സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി. ഷാനിഫ് (25) എന്നിവരെയാണ് വിശദമായ ചോദ്യം ചെയ്യലിനുശേഷം എളമക്കര പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പ്രതികള്‍ നടന്നതെല്ലാം പോലീസിനോട് വെളിപ്പെടുത്തിയത്. എസിപി ജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല.
കറുകപ്പിള്ളിയിലുള്ള ലോഡ്ജിലെ 109ാം മുറിയിലായിരുന്നു കൊലപാതകം. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപാതകം, ശിശുസംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി.
മരണകാരണം തലയോട്ടിക്കേറ്റ ക്ഷതം
അതിക്രൂരമായാണ് കുരുന്നിനെ കൊലപ്പെടുത്തിയത്. കുട്ടിയുടെ തല ഷാനിഫ് സ്വന്തം കാല്‍മുട്ടില്‍ ഇടിച്ചു. ഇതേ തുടര്‍ന്ന് തലയോട്ടി പൊട്ടി. മുമ്പുണ്ടായ മര്‍ദനത്തില്‍ കുഞ്ഞിന്റെ വാരിയെല്ലും ഒടിഞ്ഞു. തലയോട്ടിക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചത്.
കുഞ്ഞ് മരിച്ചെന്ന് ഉറപ്പാക്കുന്നതിനായി കുട്ടിയുടെ ശരീരത്തില്‍ കടിച്ചതായും പ്രതി കുറ്റസമ്മതം നടത്തി. കടിച്ചപ്പോള്‍ കുഞ്ഞ് കരഞ്ഞില്ലെന്നും ഇതോടെ മരണം ഉറപ്പിക്കുകയായിരുന്നുവെന്നുമാണ് പ്രതിയുടെ മൊഴി. കടിയേറ്റതിന്റെ പാടുകളും കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നു.
ഇത് ശാസ്ത്രീയമായി തെളിയിക്കുന്നതിനായി പ്രതിയുടെ ഉമിനീര് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടിയെ ഒഴിവാക്കാന്‍ ഷാനിഫ് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. കൊലപാതകത്തിന് യുവതിയും കൂട്ടുനിന്നു.
ജനിച്ച അന്നു മുതല്‍ കൊല്ലാന്‍ പദ്ധതിയിട്ടു
ഒരു മാസം മുമ്പാണ് അശ്വതി ചേര്‍ത്തലയിലെ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മറ്റൊരാളുടെ കുഞ്ഞ് തങ്ങളുടെ ജീവിതത്തില്‍ ബാധ്യതയാകുമെന്ന വിശ്വാസത്തില്‍ അന്നു മുതല്‍ കുഞ്ഞിനെ ഇല്ലാതാക്കാനായി അശ്വതിയുടെ സുഹൃത്തായ ഷാനിഫ് ശ്രമം തുടങ്ങിയിരുന്നു. പക്ഷേ അന്ന് അതിന് കഴിയാത്തതിനെത്തുടര്‍ന്ന് ഇയാള്‍ അവസരം കാത്തിരിക്കുകയായിരുന്നു. അന്നു തുടങ്ങിയ ആസൂത്രണത്തിനൊടുവിലാണ് ഈ മാസം ഒന്നിന് കറുകപ്പിള്ളിയിലെ ലോഡ്ജില്‍ മുറിയെടുത്തത്.
മുമ്പും ഇയാള്‍ കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സ്വാഭാവിക മരണത്തിലേക്ക് കുഞ്ഞിനെ തള്ളിവിടാനുള്ള ശ്രമങ്ങളാണ് ഇയാള്‍ നടത്തിയത്. ആദ്യം മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയെന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പറഞ്ഞത് അതിനുള്ള തെളിവാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ മൊഴി മാറ്റുകയായിരുന്നു. കട്ടിലില്‍നിന്നു വീണ് പരിക്കുപറ്റി എന്ന തരത്തില്‍ ആശുപത്രിയില്‍ എത്തിച്ച് പിന്നീട് ന്യൂമോണിയ ഉള്‍പ്പെടെ ബാധിച്ച് മരിച്ചു എന്ന തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു.
നേരത്തെ നിശ്ചയിച്ച തിരക്കഥ പ്രകാരമാണ് കറുകപ്പള്ളിയിലെ ലോഡ്ജില്‍ മുറിയെടുത്തത്. ഞായറാഴ്ച രാവിലെ എട്ടരയോടെ അബോധാവസ്ഥയിലുള്ള കുഞ്ഞുമായി ഇവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തി.
കുഞ്ഞിന്റെ തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയെന്നും അനക്കമില്ലാതായതോടെ ആശുപത്രിയില്‍ കൊണ്ടുവന്നതാണെന്നും ഡോക്ടര്‍മാരോട് പറഞ്ഞു. പിന്നീട് കുഞ്ഞ് കട്ടിലില്‍നിന്ന് വീണതാണെന്നും പറഞ്ഞു. എന്നാല്‍ കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകള്‍ കണ്ട ഡോക്ടര്‍മാര്‍ വിവരം എറണാകുളം നോര്‍ത്ത് പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതാണ് കേസില്‍ വഴിത്തിരിവായത്.
ഇരുവരുടെയും പെരുമാറ്റത്തില്‍ നോര്‍ത്ത് പോലീസിന് ആദ്യമേ തന്നെ സംശയം ഉണ്ടായിരുന്നു. പാല് കുടിച്ച ശേഷം കുഞ്ഞ് ഉറങ്ങുന്നത് കണ്ട് തങ്ങളും ഉറങ്ങിപ്പോയെന്നും ഉറക്കമുണര്‍ന്നപ്പോള്‍ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ലെന്നും തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെന്നുമാണ് ഇവര്‍ ആദ്യം പോലീസിനോട് പറഞ്ഞത്. സംഭവം നടന്നത് എളമക്കര സ്റ്റേഷന് പരിധിയിലായതിനാല്‍ ഇവരെ എളമക്കര പോലീസിന് കൈമാറി. ഇതിനിടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.
കുട്ടിയുടെ തലയില്‍ ഉള്‍പ്പെടെ ഗുരുതരമായ മുറിവുള്ളതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ കുട്ടി കൈയില്‍ നിന്നും താഴെ വീണതായി ഇരുവരും മൊഴി മാറ്റി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെ
എഴുപുന്ന സ്വദേശിനിയായ അശ്വതി ഓമനക്കുട്ടനും കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി.ഷാനിഫും അഞ്ചു മാസം മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. അതിനുശേഷം ഇരുവരും പലയിടത്തായി ഒരുമിച്ചു താമസിച്ചിരുന്നു. ഇരുവരും നിയമപ്രകാരം വിവാഹിതരല്ല.
എന്നാല്‍ താനുമായി പരിചയപ്പെടുമ്പോള്‍ മറ്റൊരാളുമായുള്ള ബന്ധത്തില്‍ അശ്വതി നാലു മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് ഷാനിഫ് പോലീസിനോട് പറഞ്ഞത്. കുഞ്ഞിന്റെ ജനനശേഷം കുട്ടിയെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കും ഉണ്ടായിരുന്നു. കുഞ്ഞിനെ കൊല്ലാന്‍പോകുന്ന കാര്യം ഷാനിഫ് അശ്വതിയോട് പറഞ്ഞിരുന്നു. ഇതുകേട്ടിട്ടും അശ്വതി ഇതിനെ എതിര്‍ക്കുകയോ ആരോടും വെളിപ്പെടുത്തുകയോ ചെയ്തില്ലെന്നും പോലീസ് പറയുന്നു.