പ്രതിപക്ഷ കൗൺസിലർമാരുടെ മൊഴിയിൽ അവ്യക്തത
1376163
Wednesday, December 6, 2023 6:19 AM IST
കാക്കനാട്: പണക്കിഴി വിവാദ കേസിൽ കൗൺസിലർമാരുടെ മൊഴി വിജിലൻസ് വീണ്ടും രേഖപ്പെടുത്തും. മുമ്പ് നൽകിയ മൊഴിയിൽ കൂടുതൽ വിശദീകരണം തേടി വ്യക്തത വരുത്തുന്നതിനാണ് മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്. പ്രതിപക്ഷ കൗൺസിലർമാരായ അജുന ഹാഷിം, റസിയ നിഷാദ് എന്നിവരുടെ മൊഴി രേഖപ്പെടുത്തി.
വരും ദിവസങ്ങളിൽ ശേഷിക്കുന്ന കൗൺസിലർ മാരുടെ മൊഴികൂടി രേഖപ്പെടുത്തും. 2021 ലെ ഓണക്കാലത്ത് കൗൺസിലർമാർക്ക് പണമടങ്ങിയ കവർ നഗരസഭ അധ്യക്ഷയായിരുന്ന അജിത തങ്കപ്പൻ നൽകിയെന്നാണ് പരാതി.
നഗരസഭ ഫണ്ട് ദുർവിനിയോഗം നടത്തിയാണ് കൗൺസിലർമാർക്ക് പണം വീതം വച്ചു നൽകിയതെന്ന് കാണിച്ച് അന്നത്തെ പ്രതിപക്ഷം വിജിലൻസിന് പരാതി നൽകി. പ്രതിപക്ഷ കൗൺസിലർമാർ തങ്ങൾക്ക് ലഭിച്ച പണകിഴിയടങ്ങിയ കവർ നഗരസഭ അധ്യക്ഷയ്ക്ക് തിരികെ നൽകിയിരുന്നു.
കൗൺസിലർമാർക്ക് കവർ നൽകുന്നതും കൗൺസിലർമാർ കവറുമായി അധ്യക്ഷയുടെ മുറിയിൽ നിന്ന് ഇറങ്ങുന്നതും നഗരസഭയുടെ സിസി ടിവി കാമറയിൽ പതിഞ്ഞത് വിജിലൻസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോവിഡ് സമയത്തെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിൽ അഴിമതിയുണ്ടെന്ന പരാതിയിലും വിജിലൻസ് അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട ഫയലുകൾ നഗരസഭ ഇതുവരെ വിജിലൻസിന് കൈമാറിയിട്ടില്ല.