ബാങ്ക് വായ്പയെടുത്ത് തിരിമറി: ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അറസ്റ്റിൽ
1376161
Wednesday, December 6, 2023 6:19 AM IST
കൊച്ചി: ബാങ്ക് വായ്പയായെടുത്ത14 കോടി രൂപ തിരിമറി നടത്തിയെന്ന കേസില്‍ തിരുവനന്തപുരം ആസ്ഥാനമായ ഹീരാ കണ്‍സ്ട്രക്ഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ റഷീദിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി)അറസ്റ്റുചെയ്തു. ഇഡി കൊച്ചി യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്ബിഐയില്‍ നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ചെന്നാണ് കേസ്.
ആക്കുളത്തെ ഫ്ലാറ്റ് സമുച്ചയ നിര്‍മാണത്തിനാണ് 2013ലാണ് വായ്പ എടുത്തത്. നിര്‍മാണം പൂര്‍ത്തിയാക്കി ഫ്ലാറ്റുകള്‍ വില്‍പ്പന നടത്തിയിട്ടും വായ്പ തിരിച്ചടച്ചില്ലെന്നാണു ബാങ്കിന്റെ പരാതി. കേസുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇഡിയും കേസെടുത്തത്. തുടര്‍ന്ന് ഫെബ്രുവരിയില്‍ ഹീരാ ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടത്തി കംപ്യൂട്ടര്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു.
വലിയ രീതിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായും പരിശോധനയില്‍ കണ്ടെത്തിയതോടെ നിയമനടപടി തുടങ്ങി. വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍ റഷീദിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി എട്ടു വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ നല്കി.നിരവധി പോലീസ് സ്റ്റേഷനുകളില്‍ ഹീര ഗ്രൂപ്പിനെതിരെ ഫ്ലാറ്റ് തട്ടിപ്പിന് കേസുണ്ട്. ഫ്ലാറ്റുടമകള്‍ അറിയാതെ അവിടെ രേഖകള്‍ ബാങ്കില്‍ പണപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ നേരത്തെ മ്യൂസിയം പോലീസും ഹീര എംഡിയെ അറസ്റ്റ് ചെയ്തിരുന്നു.