പാത്തുമ്മയുടെ ആട് മുതൽ മൗഗ്ലി വരെ ക്ലാസ്മുറിയിൽ
1376156
Wednesday, December 6, 2023 6:08 AM IST
തൃപ്പൂണിത്തുറ: വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച "ഓരോ ക്ലാസ് മുറി യും ഓരോ പുസ്തകം' എന്ന പദ്ധതി ശ്രദ്ധേയമായി. ഉദ്ഘാടനം സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിച്ചു. കുട്ടികൾ മാനവികമൂല്യമുള്ളവരായി വളരാൻ വായനയിലൂടെ മാത്രമേ സാധ്യമാകൂ എന്ന് അദ്ദേഹം പറഞ്ഞു. ഒരു ക്ലാസിലെ എല്ലാ കുട്ടികളും ഒരേ സാഹിത്യകൃതി വായിക്കുകയും തുടർന്ന് വായനാനുഭവങ്ങളെ ക്ലാസ് മുറിയിൽ ആവിഷ്കരിക്കുകയും ചെയ്യുന്നതാണ് പദ്ധതി.
ബഷീറിന്റെ പാത്തുമ്മയുടെ ആട്, ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പ്, ജംഗിൾ ബുക്ക്, രണ്ടിടങ്ങഴി, ടോട്ടോച്ചാൻ തുടങ്ങി നിരവധി സാഹിത്യകൃതികളുടെ ദൃശ്യാവിഷ്കാരമാണ് ഓരോ ക്ലാസ് മുറികളിലും ഒരുക്കിയത്. ജംഗിൾ ബുക്കിന്റെ ദൃശ്യാവിഷ്കാരം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഡി.പി. അജി, പ്രിൻസിപ്പൽ കെ.പി. വിനോദ് കുമാർ, പ്രധാനാധ്യാപിക എം.പി. നടാഷ, കെ. ആർ. ബൈജു, സ്മിത കരുൺ തുടങ്ങിയവർ പ്രസംഗിച്ചു.