രണ്‍ജി പണിക്കര്‍ക്ക് വിലക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ച് ഫിയോക്
1375953
Tuesday, December 5, 2023 5:33 AM IST
കൊച്ചി: നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തിയ തീരുമാനം മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ച് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. രണ്‍ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിര്‍മാണ വിതരണക്കമ്പനി നല്‍കാനുണ്ടായിരുന്ന കുടിശിക സംബന്ധിച്ച് ധാരണയായതിനെ തുടര്‍ന്നാണ് വിലക്ക് പിന്‍വലിച്ചതെന്ന് ഫിയോക് പ്രസിഡന്റ് കെ.വിജയകുമാര്‍ പറഞ്ഞു. ധാരണ പ്രകാരം കുടിശിക തുകയില്‍ ആദ്യഗഡു ഇന്നലെ വൈകുന്നേരത്തോടെ കൈമാറി.
30 ലക്ഷം രൂപയാണ് രണ്‍ജിപണിക്കര്‍ എന്റർടെയ്ന്മെന്റ് കമ്പനി എന്ന നിര്‍മാണ വിതരണ സ്ഥാപനം തിയറ്റര്‍ ഉടമകള്‍ക്ക് നല്കാനുണ്ടായിരുന്നത്. ഇന്നലെ രാവിലെ വിലക്ക് ഏര്‍പ്പെടുത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നശേഷം രണ്‍ജിപണിക്കര്‍ സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെട്ട് കുടിശിക ഗഡുക്കളായി നല്‍കാമെന്ന് ധാരണയിലെത്തി. തുടര്‍ന്ന് ആദ്യഗഡു വൈകുന്നേരത്തോടെ കൈമാറി.
ഇതോടെ രണ്‍ജി പണിക്കര്‍ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തില്‍ പങ്കാളി ആയിട്ടുളളതോ ആയ സിനിമകള്‍ക്ക് തിയറ്ററുകള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കും പിന്‍വലിച്ചു.
മൂന്ന് സിനിമകള്‍ക്കായിരുന്നു വിലക്ക് ഉണ്ടായിരുന്നത്. ഈ സിനിമകള്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് ഇനി തടസമില്ലെന്നും വിജയകുമാര്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലും രണ്‍ജി പണിക്കര്‍ക്കെതിരെ ഫിയോക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.