കോൺഗ്രസിന്റെ തിരിച്ചുവരവിന് ഐഎൻടിയുസി ചാലകശക്തിയാകണം: ആർ. ചന്ദ്രശേഖരൻ
1375952
Tuesday, December 5, 2023 5:33 AM IST
കോലഞ്ചേരി: രാജ്യത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് ചാലകശക്തിയാ കാൻ ഐഎൻടിയുസിക്ക് കഴിയണമെന്ന് സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ. ഐഎൻടിയുസി ജില്ലാ പ്രതിനിധി സമ്മേളനം കോലഞ്ചേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേമനിധിയും പെൻഷനുകളും മുടങ്ങി തൊഴിലാളികൾ ദുരിതമനുഭവിക്കുന്പോഴും കോർപറേറ്റുകൾക്ക് വഴിയൊരുക്കുന്ന നിലപാടുകളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.എ. ജയശങ്കർ മുഖ്യപ്രഭാഷണം നടത്തി. നിലവിൽ കിട്ടുന്ന ആനുകൂല്യങ്ങൾപോലും തൊഴിലാളികൾക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് അഡ്വ.ജയശങ്കർ പറഞ്ഞു. എണ്ണൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ഡോ. ടി.എസ്. ജോയി, അബ്ദുൾ റഷീദ് എന്നിവർ ക്ളാസെടുത്തു.
ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോസഫ്, വീക്ഷണം മാനേജിംഗ് ഡയറക്ടർ ജയ്സൺ ജോസഫ്, എം.എം. രാജു, ടി.കെ. രമേശൻ, സാജു തോമസ്, കെ.കെ. റഷീദ്, പി.പി. അവറാച്ചൻ, ഏലിയാസ് കാരിപ്ര, പോൾസൺ പീറ്റർ, സ്ലീബാ സാമുവൽ, എം.പി.സലിം , എം.എസ്. മുരളി, എൻ. എൻ.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.