മയക്കുമരുന്നുവേട്ട; ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജിതം
1375951
Tuesday, December 5, 2023 5:33 AM IST
കരുമാലൂർ: തത്തപ്പിള്ളി അത്താണിയിൽനിന്നു കോടികളുടെ എംഡിഎംഎ പിടികൂടിയ സംഭവത്തിലെ മൂന്ന് പ്രതികളെ റിമാൻഡ് ചെയ്തു. ഒളിവിൽ പോയ ഒരു പ്രതിക്കായി തിരെച്ചിൽ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. ഡോഗ് സ്ക്വാഡ് പരിശോധന നടത്തി.
നീറിക്കോട് തേവരപ്പിള്ളി വീട്ടിൽ നിധിൻ വിശ്വം (25), കരുമാലൂർ തട്ടാംപടി കണ്ണൻകുളത്തിൽ നിധിൻ കെ. വേണുഗോപാൽ (അംബുരു 28), പെരുവാരം ശരണം വീട്ടിൽ അമിത്ത് കുമാർ (29) എന്നിവരെയാണു റിമാൻഡ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, പറവൂർ പോലീസ്, ഡാൻസാഫ് ടീം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തെരിച്ചിലിലാണു കഴിഞ്ഞ ദിവസം പ്രതികൾ പിടിയിലായത്.
ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ സ്റ്റെപ്പിനിയുടെ ഉള്ളിൽനിന്നു നാലു പാക്കറ്റുകളിലായി 1.81 കിലോഗ്രാം രാസലഹരിയാണ് പിടികൂടിയത്. ക്രിസ്മസ്, ന്യൂയർ ആഘോഷങ്ങൾ ലക്ഷ്യമിട്ടാണ് ഇവർ രാസലഹരി എത്തിച്ചതെന്നാണു പോലീസ് പറയുന്നത്.