ഗുഡ്സ് ട്രെയിന്‍ പാളത്തില്‍ കുടുങ്ങി; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
1375949
Tuesday, December 5, 2023 5:33 AM IST
കൊച്ചി: ഗുഡ്സ് ട്രെയിന്‍ റെയില്‍പാളത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് എറണാകുളം-തൃശൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം രണ്ടു മണിക്കൂറോളം തടസപ്പെട്ടു. ഇന്നലെ രാത്രി ഇടപ്പള്ളിക്കും ആലുവയ്ക്കും ഇടയിലാണ് ഗുഡ്സ് ട്രെയിന്‍ പാളത്തില്‍ കുടുങ്ങിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ രണ്ടു ഭാഗമായി വിട്ടുപോയതാണ് അപകടത്തിനു കാരണം.
തുടര്‍ന്ന് വേര്‍പെട്ട ഭാഗം ആദ്യം ഇടപ്പള്ളിയിലേക്കും പിന്നീട് ആലുവയിലേക്കും മാറ്റി. രണ്ടാമത്തെ ഭാഗം ഇടപ്പള്ളിയിലേക്കും മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. ഇതോടെ നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷനുകളിലായി നിരവധി ട്രെയിനുകള്‍ പിടിച്ചിട്ടു. എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ രണ്ടു മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. 7.50 ന് എറണാകുളത്ത് നിന്നും പുറപ്പെടേണ്ട ട്രെയിന്‍ 10.35നാണ് പുറപ്പെട്ടത്.