തയ്യൽ കടയിൽനിന്ന് സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ
1375947
Tuesday, December 5, 2023 5:18 AM IST
പെരുമ്പാവൂർ: ലേഡീസ് ടെയ്ലറിംഗ് കടയിൽ കയറി മൂന്ന് പവൻ സ്വർണവും 5000 രൂപയും കവർന്ന കേസിൽ പ്രതി പിടിയിൽ. ആസാം നൗഗൗവ് സ്വദേശി മെഹ്ഫൂസ് അഹമ്മദിനെ (23) യാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 30ന് പട്ടാൽ ഭാഗത്തെ ലേഡീസ് ടെയ്ലറിംഗ് കടയിലാണ് മോഷണം നടന്നത്.
രാവിലെ 8.30ന് കട തുറന്നു സ്വർണവും പണവും അടങ്ങിയ ബാഗ് കടയിൽ വച്ചശേഷം തൊട്ടടുത്ത വീട്ടിലേക്ക് പോയ സമയം ഇയാൾ മോഷണം നടത്തുകയായിരുന്നു. തിരിച്ചെത്തിയശേഷം കുറെ സമയം കഴിഞ്ഞ് ബാഗ് അന്വേഷിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പെരുമ്പാവൂരിൽനിന്നു പിടികൂടിയത്.
കവർന്ന സ്വർണം പോലീസ് കണ്ടെടുത്തു. മോഷണക്കേസിൽ മൂന്നുമാസത്തെ ജയിലിൽ ശിക്ഷയ്ക്കു ശേഷം രണ്ടു മാസം മുമ്പാണ് ഇറങ്ങിയത്. ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ്ഐ റിൻസ് എം. തോമസ്, എഎസ്ഐ ജോഷി തോമസ്, പി.എ.അബ്ദുൽ മനാഫ്, കെ.എ. അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.