നവകേരള സദസ് : കാസ്റ്റിംഗ് വോട്ട് ബലത്തിൽ പണം അനുവദിക്കാൻ തീരുമാനം
1375945
Tuesday, December 5, 2023 5:18 AM IST
പറവൂർ: പറവൂരിൽ നടക്കുന്ന നവകേരള സദസിന് പണം അനുവദിക്കാൻ പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ടിന്റെ ഭൂരിപക്ഷത്തിൽ വടക്കേക്കര പഞ്ചായത്ത് തീരുമാനം. അര നൂറ്റാണ്ടിലേറെയായി സിപിഎം ഭരിക്കുന്ന വടക്കേക്കര പഞ്ചായത്തിൽ നവകേരള സദസിന് പണം അനുവദിക്കാൻ പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ട് ഉപയോഗിക്കേണ്ടിവന്നത് സിപിഎമ്മിന് നാണക്കേടായി. പഞ്ചായത്തിലെ 20 വാർഡുകളിൽ നിന്നുള്ള ജനങ്ങളെ നവ കേരള സദസിലെത്തിക്കുന്നതിനുള്ള വാഹന ചെലവ് വഹിക്കാനുള്ള തുകയാണ് പഞ്ചായത്ത് ചെലവ് ചെയ്യേണ്ടത്.
പഞ്ചായത്തിന്റെ സ്റ്റിയറിംഗ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ചുമതല പഞ്ചായത്ത് ഭരണസമിതിക്ക് കൈമാറിയത്. 20 അംഗങ്ങൾ ഉള്ള പഞ്ചായത്ത് കമ്മറ്റിയിൽ വിഷയം ചർച്ചയ്ക്കു വന്നപ്പോൾ പ്രതിപക്ഷത്തെ (കോൺഗ്രസ്) എട്ട് അംഗങ്ങൾ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. ഒരു ബിജെപി അംഗവും ഒരു സ്വതന്ത്ര അംഗവും വിയോജിച്ചതോടെ ഭരണകക്ഷിയായ എൽഡിഎഫിന് ഭൂരിപക്ഷമില്ലാതായി. ഇരുഭാഗത്തും തുല്യ അംഗങ്ങളായതോടെ തന്റെ കാസ്റ്റിംഗ് വോട്ട് പണം അനുവദിക്കുന്നതിന് അനുകൂലിച്ചു രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് പ്രഖ്യാപിക്കുകയും അങ്ങനെ പണം നൽകാൻ പഞ്ചായത്ത് കമ്മറ്റി തീരുമാനിക്കുകയുമായിരുന്നു. നവകേരള സദസിന് പണം അനുവദിക്കാൻ സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ വടക്കേക്കരയിൽ കാസ്റ്റിംഗ് വോട്ട് വിനിയോഗിക്കേണ്ടി വന്നത് പാർട്ടിക്ക് നാണക്കേടായി.
വരുമാനം വളരെ കുറവുള്ള പഞ്ചായത്തിലെ വികസന മുരടിപ്പ് ജനങ്ങളിൽ വലിയ പ്രതിഷേധം ഉണ്ടാക്കുന്നുണ്ട്. അതിനിടെയാണ് അരലക്ഷത്തോളം രൂപ പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും അനാവശ്യമായ ഉപയോഗിക്കുന്നത്. കാസ്റ്റിംഗ് വോട്ടിലൂടെ പണം ദുർവിനിയോഗം ചെയ്യാനുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ഡി. മധുലാൽ ആരോപിച്ചു.