മാർത്താണ്ഡവർമ പാലത്തിൽ കൈവരികൾ മാറ്റിസ്ഥാപിച്ച് തുടങ്ങി
1375944
Tuesday, December 5, 2023 5:18 AM IST
ആലുവ: പെരിയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന മാർത്താണ്ഡവർമ പാലത്തിന്റെ അറ്റകുറ്റപ്പണികൾ അവസാന ഘട്ടത്തിൽ. പാലത്തിലെ കൈവരി മാറ്റി സ്ഥാപിക്കുന്ന ജോലികളാണിപ്പോൾ പുരോഗമിക്കുന്നത്. കൊച്ചി മെട്രോയുടെ ഔദ്യോഗിക നിറത്തോട് സാദൃശ്യമുള്ള നിറമാണ് പാലത്തിന് നൽകിയിരിക്കുന്നത്.
ആലുവ മാർത്താണ്ഡവർമ പാലം 1940 ജൂൺ 14നാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. തിരുവിതാംകൂർ ഇളയരാജാവ് മാർത്താണ്ഡവർമയായിരുന്നു ഉദ്ഘാടകൻ. ഇതിനാലാണ് മാർത്താണ്ഡവർമ്മ പാലം എന്ന പേര് പാലത്തിന് ലഭിച്ചത്.
മലബാറിൽനിന്നും തിരുവിതാംകൂറിലേക്കുള പുതിയ വഴി എന്ന നിലയിൽ ഈ പാലം പ്രസിദ്ധമായി. സമാന്തരമായി മറ്റൊരു പാലം 2002ൽ വന്നെങ്കിലും 83 വയസിലെത്തിയ മാർത്താണ്ഡവർമ പാലത്തിന് തന്നെയാണ് പ്രൗഢി. പുതിയ പാലം വരുമ്പോൾ മാർത്താണ്ഡവർമ പാലം ചരിത്ര സ്മാരകം ആക്കാമെന്ന് കരുതിയെങ്കിലും നടന്നില്ല. മുമ്പത്തേക്കാൾ അധികം വാഹനങ്ങളാണ് 5.5 മീറ്റർ മാത്രം വീതിയുള്ള പാലത്തിലൂടെ കടന്നുപോകുന്നത്.
ഗതാഗതക്കുരുക്കിനും കുറവില്ല. ഗതാഗതക്കുരുക്ക് അഴിക്കാൻ ഇനിയും ഒരു പാലം കൂടി പടിഞ്ഞാറ് ഭാഗത്തായി വരണമെന്ന അഭിപ്രായമാണിപ്പോൾ ഉള്ളത്. കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണീവിഷയം. പദ്ധതി നടന്നാൽ മാർത്താണ്ഡവർമ പാലത്തിന് ഇരുവശത്തുമായി സമാന്തരപാലങ്ങൾ സ്ഥാപിതമാകും.