പറവൂരിൽ സ്റ്റേഡിയം നവീകരണ നടപടികള്‍ക്ക് തുടക്കമായി
1375943
Tuesday, December 5, 2023 5:18 AM IST
പറവൂര്‍: മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്റ്റേഡിയം നവീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അറിയിച്ചു. ഇതിന്റെ ആദ്യഘട്ടമായി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വിളിച്ചു ചേർത്ത യോഗത്തില്‍ പറവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം സ്ഥിരമായി ഉപയോഗിക്കുന്ന എട്ട് സ്പോര്‍ട്ട്സ ക്ലബ് പ്രതിനിധികളുമായി വിശദമായ ചര്‍ച്ച നടത്തി. ക്രക്കറ്റിനും ഫുട്ബോളിനും ഒരു പോലെ പ്രാധാന്യം നൽകിയാവണം സ്റ്റേഡിയം നവീകരിക്കേണ്ടതെന്ന് യോഗത്തില്‍ ആവശ്യമുയർന്നു.
ഡ്രസിംഗ് റൂം, ടോയ്ലറ്റ് സൗകര്യം, സ്നാക്സ് പാര്‍ലര്‍, പാര്‍ക്കിംഗ് തുടങ്ങിയവ ഉള്‍പ്പെടുത്തി വെള്ളക്കെട്ടില്ലാത്ത രീതിയില്‍ ഗ്രൗണ്ടിനു ചുറ്റും കാനയോടുകൂടി നവീകരിക്കണമെന്നും ക്ലബ് അംഗങ്ങളുടെ ഭാഗത്തുനിന്നു നിര്‍ദേശമുണ്ടായി.
സ്റ്റേഡിയം നവീകരിക്കുന്നതിനുള്ള ആര്‍ക്കിടെക്ചറല്‍ ഡ്രോയിംഗ് തയാറാക്കി നല്കുന്ന മുറയ്ക്ക് പൊതുമരാമത്ത് കെട്ടിട വിഭാഗം തയാറാക്കുന്ന വിശദമായ എസ്റ്റിമേറ്റ് പ്രകാരം ആവശ്യമായ തുക എംഎല്‍എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.