മിനി ലോറിയിടിച്ച് നാല് വയസുകാരന് ഗുരുതര പരിക്ക്
1375942
Tuesday, December 5, 2023 5:18 AM IST
ആലങ്ങാട്: ആലുവ-പറവൂർ കെഎസ്ആർടിസി റോഡിൽ മാളികംപീടിക കവലയ്ക്ക് സമീപം മിനി ലോറിയിടിച്ചു നാലു വയസുകാരന് ഗുരുതര പരിക്ക്. മാളികംപീടിക കൂത്താട്ടുപറമ്പിൽ ഷംനാസിന്റെ മകൻ അയാനാണു (4) പരിക്കേറ്റത്.
ഇന്നലെ വൈകിട്ടു നാലരയോടെയായിരുന്നു അപകടം. മദ്രസയിലേക്ക് പോകുന്നതിനായി അമ്മയും കുട്ടികളും റോഡ് മുറിച്ചു കടന്നിരുന്നു.
എന്നാൽ ഇതിനിടെ റോഡിന്റെ മറുവശത്ത് അപ്പുപ്പൻ നിൽക്കുന്നതുകണ്ട് നാലു വയസുകാരൻ അമ്മയുടെ പിടിവിട്ടു തിരികെ റോഡിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു അപകടം.
ഇതോടെ കുട്ടി റോഡിലേക്കു തെറിച്ചു വീഴുകയും വാഹനത്തിൽ കുടുങ്ങി കിടക്കുകയും ചെയ്തു. കുടുങ്ങിക്കിടന്ന കുട്ടിയെ വലിച്ചുകൊണ്ടു വാഹനം കുറച്ചു മുന്നിലേക്കു പോയി. ഉടനെ ഓടിക്കൂടിയ നാട്ടുകാരാണു രക്ഷാപ്രവർത്തനം നടത്തിയത്. തലയ്ക്കും കൈക്കും കാലിനും ഗുരുതര പരിക്കുണ്ട്. കുട്ടിയ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്കു ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.