എറണാകുളം പുതിയ മാര്‍ക്കറ്റ് കെട്ടിട നിര്‍മാണം അവസാനഘട്ടത്തില്‍
1375941
Tuesday, December 5, 2023 5:18 AM IST
കൊച്ചി: ആധുനികവത്കരണത്തിന്റെ ഭാഗമായി എറണാകുളം മാര്‍ക്കറ്റില്‍ കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് (സിഎസ്എംഎല്‍) പണികഴിപ്പിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. ആറു മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിച്ച് കെട്ടിടം കൈമാറാനാണ് ലക്ഷ്യമെന്ന് സിഎസ്എംഎല്‍ അധികൃതര്‍ അറിയിച്ചു.
നൂറ്റാണ്ട് പഴക്കമുള്ള പഴയ മാര്‍ക്കറ്റ് പൊളിച്ചുനീക്കി 2022 ജൂണിലാണ് നിര്‍മാണം ആരംഭിച്ചത്. കരാര്‍ പ്രകാരം 2024 ജൂണ്‍ വരെ സമയമുണ്ടെങ്കിലും മേയില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം. ബേസ്മെന്റ് ഉള്‍പ്പെടെ അഞ്ച് നിലകളാണുള്ളത്. ഭൂമിക്കടിയിലുള്ള രണ്ട് നിലകളിലാണ് വാഹന പാര്‍ക്കിംഗ് സൗകര്യം. നാല് നിലകളുടെ സ്ട്രെക്ചര്‍ നിര്‍മാണവും കോണ്‍ക്രീറ്റിംഗും കഴിഞ്ഞു. ഭിത്തികളുടെ നിര്‍മാണം ആരംഭിച്ചു.
പഴയ മാര്‍ക്കറ്റിലുണ്ടായിരുന്ന കച്ചവടക്കാരെ ആദ്യ രണ്ട് നിലകളിലാണ് പുനരധിവസിപ്പിക്കുക. ഗ്രൗണ്ട്, ഒന്ന് നിലകളിൽ പഴം, പച്ചക്കറി കടകളും മത്സ്യം, മാംസ മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കും. മൂന്നാം നില കോര്‍പറേഷനുള്ളതാണ്. അവിടെ ഓഫീസുകള്‍ക്കും ഗോഡൗണുകള്‍ക്കും സൗകര്യമൊരുക്കും. താഴെയുള്ള രണ്ട് നിലകളിൽ 150ഓളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഉണ്ടാകും. ഷണ്മുഖം റോഡില്‍നിന്ന് മാര്‍ക്കറ്റ് കോംപ്ലക്സിന്റെ ഒന്നാം നിലയിലേക്ക് എത്തുന്ന ആകാശപാതയും പദ്ധതിയിലുണ്ട്. വെള്ളം, വൈദ്യുതി സൗകര്യങ്ങള്‍ക്ക് പുറമെ മാലിന്യസംസ്കരണ സംവിധാനങ്ങളും ഇവിടെയുണ്ടാകും. കയറ്റിറക്കിനായി ട്രക്ക് ബേ ക്രമീകരിക്കും. മാര്‍ക്കറ്റ് കനാല്‍ നവീകരണം കൂടി പൂര്‍ത്തിയാകുമ്പോള്‍ പുതിയ മാര്‍ക്കറ്റിലേക്ക് അനുബന്ധസൗകര്യങ്ങളും സജ്ജമാക്കും.
9,990 ചതുരശ്ര മീറ്ററിലാണ് മാര്‍ക്കറ്റ് സമുച്ചയം നിര്‍മിക്കുന്നത്. ആകെ സ്ഥലവിസ്തീര്‍ണ്ണം 1.63 ഏക്കര്‍. 72.69 കോടിയാണ് പദ്ധതി ചെലവ്. സിഎസ്എംഎല്‍ ഫണ്ട് ഉപയോഗിച്ചാണ് മാര്‍ക്കറ്റ് നവീകരിക്കുന്നത്.