ഭിന്നശേഷിക്കാര്‍ക്കായി അഡ്വഞ്ചര്‍ ക്ലബ് രൂപീകരണവും സ്കൂബാ ഡൈവിംഗ് പരിശീലനവും
1375939
Tuesday, December 5, 2023 5:18 AM IST
കൊച്ചി: ഭിന്നശേഷിക്കാര്‍ക്കായുള്ള ജില്ലാ അഡ്വഞ്ചര്‍ ക്ലബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തമ്മനം അക്വാലിയോ ക്ലബില്‍ സംഘടിപ്പിച്ച സ്കൂബാ ഡൈവിംഗ് പരിശീലനം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, എറണാകുളം -അങ്കമാലി അതിരൂപതാ സഹൃദയ, തമ്മനം അക്വാ ലിയോ ഡൈവ് സെന്റര്‍, അരൂര്‍ റോട്ടറി ക്ലബ് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി സതീഷ് മിറാന്‍ഡ അധ്യക്ഷത വഹിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ.ജോസ് കൊളുത്തുവെള്ളില്‍, അരൂര്‍ റോട്ടറി ക്ലബ് സെക്രട്ടറി സെജി മൂത്തേരില്‍, സഹൃദയ അസി. ഡയറക്ടര്‍ ഫാ.സിബിന് മനയംപിള്ളി, അക്വാലിയോ ഡൈവ് സെന്റര്‍ ഡയറക്ടര്‍ ജോസഫ് ദിലീഷ്, സിസ്റ്റര്‍ അഭയ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. 12നും 50 നും മധ്യേ പ്രായമുള്ള 25 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്.