തുതിയൂരിൽ മാലിന്യം തള്ളാൻ ശ്രമിച്ച സ്ഥാപനത്തിന് 15,000 പിഴ
1375937
Tuesday, December 5, 2023 5:07 AM IST
കാക്കനാട്: തുതിയൂർ വെളുത്തപാറ പാറമട കുളത്തിൽ മാലിന്യം തള്ളാൻ ശ്രമിച്ച സൂപ്പർ മാർക്കറ്റിന് തൃക്കാക്കര നഗരസഭ 15,000 രൂപ പിഴ ചുമത്തി. കാക്കനാട് ദൂരദർശൻ കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിനാണ് പിഴ ചുമത്തിയത്.
ഞായർ പുലർച്ചെ മൂന്നിനാണ് സൂപ്പർ മാർക്കറ്റിലെ ചീഞ്ഞഴുകിയ പഴം പച്ചക്കറി മാലിന്യം തൂതിയൂർ വെളുത്തപാറ പാറമടയിൽ തള്ളാനെത്തിയ വാഹനം പ്രദേശവാസികൾ തടഞ്ഞത്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വാഹനം തൃക്കാക്കര പോലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം സൂപ്പർമാർക്കറ്റിനെതിരെ നടപടിയെടുക്കുകയായിരുന്നു. സൂപ്പർ മാർക്കറ്റുടമ പിഴ തുക നഗരസഭയിൽ ഒടുക്കിയതായി തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം സൂപ്പർവൈസർ അറിയിച്ചു.