നിരീക്ഷണ കാമറകളും വൈദ്യുതി വിളക്കുകളും സ്ഥാപിക്കും
1375936
Tuesday, December 5, 2023 5:07 AM IST
കളമശേരി: നഗരസഭയിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെയും സംസ്ഥാന, പൊതുമരാമത്ത് പാതയിലെയും വിവിധ സ്ഥലങ്ങളിൽ നിരീക്ഷണ കാമറകളും പരസ്യ സംവിധാനത്തോടെയുള്ള വൈദ്യുതി വിളക്കുകളും സ്ഥാപിക്കുന്നതിന് തിങ്കളാഴ്ച കൂടിയ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. സൗത്ത് കളമശേരി റെയിൽവേ ഓവർ ബ്രിഡ്ജിനു മുകളിലും നോർത്ത് കളമശേരി കണ്ടെയ്നർ ക്രോസ് റോഡ് പാലത്തിന് മുകളിലും എച്ച്എംടി കവല മുതൽ മണലിമുക്ക് വരെ റോഡിന്റെ സെൻട്രൽ മീഡിയനിലുമാണ് ഇത്തരം വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്നത്.
നഗരസഭ പരിധിയിലുള്ള സീപോർട്ട് - എയർപോർട്ട് റോഡിൽ 13 മീറ്റർ ഇടവിട്ട് 120 വൈദ്യുതി വിളക്കുകൾ സ്ഥാപിക്കും. കണ്ടെയ്നർ ക്രോസ് റോഡ് പാലത്തിൽ നിരീക്ഷണ കാമറകളും 13 മീറ്റർ ഇടവിട്ട് വൈദ്യുതി വിളക്കുകളും ഉണ്ടാവും.
വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കുന്നതും വൈദ്യുതി ചാർജ് അടയ്ക്കുന്നതും അറ്റകുറ്റപ്പണി നടത്തുന്നതും കരാറുകാരൻ ആയിരിക്കും ലൈറ്റ് പോസ്റ്റുകളിൽ പരസ്യ ബോർഡുകൾ ഉണ്ടാവും. കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷയായി.
നവകേരള സദസിന് ഫണ്ട് അനുവദിക്കണമെന്ന ആവശ്യം വോട്ടിനിട്ട് തള്ളി. യുഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ ഫണ്ട് അനുവദിക്കേണ്ടെന്ന് 21 അംഗങ്ങളും ഫണ്ട് അനുവദിക്കണമെന്ന ആവശ്യത്തിൽ 19 അംഗങ്ങളും വോട്ട് ചെയ്തു. രണ്ട് അംഗങ്ങൾ ഹാജരായിരുന്നില്ല. ഏക ബിജെപി അംഗം ഫണ്ട് അനുവദിക്കേണ്ടതില്ലെന്നു തീരുമാനിച്ചു.