പാലക്കുഴ തീപിടിത്തം: ഒരു കോടിയുടെ നാശനഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ
1375934
Tuesday, December 5, 2023 5:07 AM IST
കൂത്താട്ടുകുളം: പാലക്കുഴയിലെ തീപിടിത്തത്തിൽ ഒരു കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുള്ളതായി പ്രാഥമിക വിലയിരുത്തൽ. കൂത്താട്ടുകുളത്ത് പ്രവർത്തിച്ചുവന്ന നെറ്റ് ലിങ്ക് കമ്പനിയുടെ പാലക്കുഴയിലെ ഗോഡൗണിൽ മൂന്നിന് രാത്രി 8.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തകരഷീറ്റുകൊണ്ട് നിർമിച്ച രണ്ടായിരം സ്ക്വയർ ഫീറ്റോളം വരുന്ന സംഭരണശാലയിലാണ് തീപടർന്നത്.
ഇടിമിന്നലിനെ തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ട് സാധ്യതകളാകാം അപകടകാരണമെന്നാണ് വിലയിരുത്തൽ. അയൽവാസികളും വഴിയാത്രക്കാരുമാണ് ആദ്യം തീപിടിത്തം കണ്ടത്. പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്താട്ടുകുളം, തൊടുപുഴ, പിറവം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയുടെ ഏഴ് യൂണിറ്റെത്തിയാണ് തീയണച്ചത്.
ഇന്റർനെറ്റ് കേബിളുകൾ, ഇവ ഉറപ്പിക്കുന്നതിനുള്ള പ്രത്യേക പ്ലാസ്റ്റിക് പെട്ടികൾ, മോഡം ഉൾപ്പെടെയുള്ള മറ്റുപകരണങ്ങൾ എന്നിവയാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്. സാധനങ്ങൾ നിറച്ച് ലോറി അപകട സമയം ഗോഡൗണിന് മുൻവശത്ത് ഉണ്ടായിരുന്നു. ലോറി മാറ്റാൻ കഴിഞ്ഞതിനാൽ വൻ നഷ്ടമൊഴിവായി.