നവീകരണം പൂർത്തിയാകാതെ രാമല്ലൂർ-മുത്തംകുഴി റോഡ്
1375933
Tuesday, December 5, 2023 5:07 AM IST
കോതമംഗലം: രാമല്ലൂർ-കരിങ്ങഴ-മുത്തംകുഴി റോഡിന്റെ നവീകരണമാരംഭിച്ച് ഒരു വർഷത്തിലധികമായിട്ടും നിർമാണം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. യാത്രാക്ലേശവും പൊടിശല്യവും അനുഭവിച്ച് പൊറുതിമുട്ടി പൊതുജനങ്ങളുടെ ഒപ്പ് ശേഖരിച്ച് വകുപ്പ് മന്ത്രി ഉൾപ്പടെയുള്ളവർക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
നവീകരണത്തിനായി റോഡ് കുത്തി പൊളിച്ചതോടെ ഇരുചക്രവാഹനങ്ങളുൾപ്പടെ റോഡിൽ മറിഞ്ഞുവീഴുന്നത് നിത്യസംഭവമാണ്. മഴ മാറിയതോടെ പൊടിശല്യവും രൂക്ഷമായി. റോഡരികിലുള്ള വീട്ടുകാർക്ക് പൊടിശല്യം മൂലം ദുരിതമേറെയാണ്. പലർക്കും ശ്വാസംമുട്ട് ഉൾപ്പടെയുള്ള അസ്വാസ്ഥ്യങ്ങളുമുണ്ടാകുന്നുണ്ട്.
റോഡിന്റെ വീതി കൂട്ടാൻ സഹകരിക്കണമെന്ന അധികാരികളുടെയും ജനപ്രതിനിധികളുടെയും അഭ്യർഥന വിമുഖത കൂടാതെ സ്വീകരിച്ചവരും ഇപ്പോൾ പരാതിക്കാരായി മാറിയിട്ടുണ്ട്. വീടിന്റെ മതിലും വഴിയുമെല്ലാം പൊളിച്ചാണ് റോഡിനായി ഇവർ സ്ഥലം വിട്ടുനൽകിയത്. ഇവയെല്ലാം പുനസ്ഥാപിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ കാര്യം കഴിഞ്ഞപ്പോൾ തങ്ങളെ അവഗണിക്കുന്നതായി സ്ഥലയുടമകൾ പറയുന്നു.
റോഡിന്റെ പണി ഇഴയുകയാണെന്ന് വ്യക്തമായപ്പോൾ നാട്ടുകാർ അധികാരികളെ പരാതി അറിയിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കൂടാതെ പൊതുമരാമത്ത് വകുപ്പ് ഓഫിസർമാരെ പലതവണ നേരിൽകണ്ട് പരാതി പറഞ്ഞെന്ന് പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു പറഞ്ഞു. ഉടൻ പണി പൂർത്തീകരിക്കുമെന്ന മറുപടിയാണ് എപ്പോഴും ലഭിക്കുക. എത്രയും വേഗം പണികൾ പൂർത്തീകരിച്ച് ദുരിതം പരിഹരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. ഒപ്പുശേഖരണത്തിൽ ലീലാ ജോർജ്, സി.എം. ദിനൂപ്, തുടങ്ങിയവർ നേതൃത്വം നൽകി. ടാറിംഗ് ജോലികൾ വൈകിയാൽ പിഡബ്ല്യുഡി ഓഫീസ് ഉപരോധിക്കാനാണ് ജനകീയ സമിതിയുടെ തീരുമാനം.