പ്രിസിഷൻ എൻജിനീയറിംഗിന്റെ പ്രാധാന്യം തിരിച്ചറിയണം: ഡോ. മാമില രവിശങ്കർ
1375930
Tuesday, December 5, 2023 5:07 AM IST
കോതമംഗലം : ഇന്ത്യ ലോക സന്പദ്വ്യവസ്ഥയിൽ മുന്നിലെത്തുവാൻ പ്രിസിഷൻ എൻജിനീയറിംഗിന്റെ പ്രാധാന്യം തിരിച്ചറിയണമെന്ന് തിരുപ്പതി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രഫസറും മെക്കാനിക്കൽ എൻജിനീയറിംഗ് വകുപ്പ് മേധാവിയുമായ ഡോ. മാമില രവിശങ്കർ. മാർ അത്തനേഷ്യസ് കോളജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളോടനുബന്ധിച്ച് എഐസിടിയുടെയും അടൽ അക്കാദമിയുടേയും സഹകരണത്തോടെ എംഎ എൻജിനീയറിംഗ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് ഡിപ്പാർട്ടുമെന്റ് സംഘടിപ്പിച്ചിരിക്കുന്ന ഫാക്കൽറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. മാമില രവിശങ്കർ.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി)യിൽ 17 ശതമാനം മാത്രമാണ് മാനുഫാക്ചറിംഗ് മേഖലയുടെ സംഭാവന. എന്നാൽ ചൈനയിൽ ഇത് 35 ശതമാനമാണ്. സൂക്ഷ്മതയും കൃത്യതയും പ്രാധാന്യമർഹിക്കുന്ന ബയോമെഡിക്കൽ, എയ്റോ സ്പേസ്, പ്രതിരോധം എന്നീ മേഖലകളിൽ ആവശ്യമുള്ള മൈക്രോ, നാനോ ഘടകങ്ങൾ ഇന്നും ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലാണ് ഇന്ത്യയെന്നും ഇത് ഒഴിവാക്കാൻ പ്രസിഷൻ മാനുഫാക്ച്ചറിംഗിന്റെ പ്രാധാന്യം തിരിച്ചറിയണമെന്നും ഡോ. മാമില രവിശങ്കർ പറഞ്ഞു.
രാജ്യത്തെ വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ, ഗവേഷണ വിദ്യാർഥികൾ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾ എന്നിവരാണ് ആറ് ദിവസം നീണ്ടു നിൽക്കുന്ന പ്രോഗ്രാമിൽ പങ്കെടുക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഏറ്റവും ഉന്നത സ്ഥാപനങ്ങളായ ഇന്ത്യയിലെ വിവിധ ഐഐടികൾ, ഐസർ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദഗ്ധരും അമേരിക്കയിലെ വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രഫസറായ ഡോ. അമിത് ബന്തോപാധ്യായ തുടങ്ങി ഒട്ടേറെ പേർ ക്ലാസുകൾ നയിക്കും.
പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് അധ്യക്ഷത വഹിച്ചു. മെക്കാനിക്കൽ എൻജിനീയറിംഗ് വകുപ്പ് മേധാവി ഡോ. സോണി കുര്യാക്കോസ്, തിരുപ്പതി ഐഐടിയിലെ പ്രഫ. ഡോ. ത്യാഗരാജൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ജോബി ജോസഫ്, പ്രഫ. തോംസണ്‍ ആഞ്ഞിലിവേലിൽ, പ്രഫ. കിരണ്‍ ക്രിസ്റ്റഫർ എന്നിവർ പ്രസംഗിച്ചു. ശില്പശാല ഒന്‍പതിന് സമാപിക്കും.