നവകേരള സദസിലേക്ക് കുട്ടന്പുഴ കുടുംബാരോഗ്യ കേന്ദ്രം അപ്ഗ്രേഡ് ചെയ്യണമെന്ന് ആവശ്യം
1375929
Tuesday, December 5, 2023 5:07 AM IST
കോതമംഗലം: നിയോജക മണ്ഡലത്തിലെ കുട്ടന്പുഴ കുടുംബ ആരോഗ്യ കേന്ദ്രം അപ്ഗ്രേഡ് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ നവകേരള സദസിൽ പരാതിപ്പെടുമെന്ന് കിഫ ജില്ലാ കമ്മറ്റി അറിയിച്ചു. 25,000ന് മുകളിൽ ജനസംഖ്യയുള്ളതും, അതിൽ തന്നെ 5000ത്തോളം ഗോത്രവർഗത്തിൽപ്പെട്ടവരും അധിവസിക്കുന്ന കുട്ടന്പുഴ പഞ്ചായത്തിൽ ആകെയുള്ള ഒരു സർക്കാർ ആശുപത്രിയാണ് കുട്ടന്പുഴ കുടുംബ ആരോഗ്യ കേന്ദ്രം.
ഉൾക്കാടുകളിലുള്ള പതിനേഴോളം ആദിവാസി കുടികളിലായി 1300 ൽ അധികം വീടുകളുണ്ട്. ആദിവാസികൾ കിലോമീറ്ററുകൾ കൊടും വനത്തിലൂടെ രോഗികളുമായി സഞ്ചരിച്ച് കുട്ടന്പുഴ ആശുപത്രിയിലെത്തുന്പോഴേക്കും സന്ധ്യയാകും. കൂടാതെ ആശുപത്രി അടച്ചിട്ടുമുണ്ടാകും. ഇതോടെ വീണ്ടും 20 കിലോമീറ്റർ യാത്രചെയ്താൽ മാത്രമേ കോതമംഗലത്തുള്ള ഏതെങ്കിലും ആശുപത്രികളിൽ എത്താൻ സാധിക്കൂവെന്ന അവസ്ഥയാണ്.
മഴക്കാലമായാൽ അവർ അനുഭവിക്കുന്ന ദുരിതം ഇരട്ടിയാകും. ഇതിനൊരു പരിഹാരമെന്നനിലയിൽ 2013ൽ എംഎൽഎയായിരുന്ന ടി.യു. കുരുവിള 15 ലക്ഷം അനുവദിച്ച് ആശുപത്രിയിൽ കിടത്തി ചികിത്സ ഒരുക്കുന്നതിനായി ഐപി ബ്ലോക്ക് നിർമിച്ചിരുന്നു. അന്നത്തെ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനവും നിർവഹിച്ചു. എന്നാൽ പിന്നീട് പഞ്ചായത്ത് ഭരണസമിതി മാറിവരുകയും 2017-18ൽ സർക്കാർ ആദ്രം മിഷൻ പദ്ധതിയിൽപ്പെടുത്തി ആശുപത്രി അപ്ഗ്രഡേഷൻ എന്നപേരിൽ ഐപി ബ്ലോക്കിന്റെ സൗകര്യങ്ങൾ വേണ്ടന്നുവെച്ച് അശുപത്രിയുടെ കിടത്തി ചികിത്സക്കായി ഒരുക്കിയിരുന്ന അടിസ്ഥാന സൗകാര്യങ്ങളിൽ മാറ്റംവരുത്തി. തുടർന്ന് കിഫ എറണാകുളം ജില്ലാ പ്രസിഡന്റ് സിജുമോൻ ഫ്രാൻസിസ് ഇതിനെതിരേ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി.
കുട്ടന്പുഴ പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ തുടങ്ങിയവർ കൃത്യമായ സത്യവാങ്മൂലം നൽകുകയും, 2020 ഓഗസ്റ്റ് 10ന് വ്യക്തമായ മാർഗനിർദേശത്തോടെ കമ്മീഷൻ ഇക്കാര്യത്തിൽ വിധി പ്രഖ്യാപിക്കുകയും ചെയ്തു. വിധിയിൽ കുട്ടന്പുഴ പഞ്ചായത്തിനോട് അടിയന്തിരമായി കിടത്തി ചികിത്സയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വീണ്ടും ഒരുക്കണമെന്നും,ആരോഗ്യ വകുപ്പ് ഡയറക്ടർ ആവശ്യത്തിനുള്ള ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ നിയമിക്കണമെന്നും നിർദേശം നൽകിയിരുന്നു. എന്നാൽ മൂന്ന് വർഷം പിന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
ഈ സാഹചര്യത്തിലാണ് നവകേരള സദസിൽ വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കുവയ്ക്കുന്നത്. പ്രദേശത്തിന്റെ പൊതുവായ ആവശ്യവും, വികാരവും എന്നുള്ള നിലയ്ക്ക് വിഷയത്തിൽ വേണ്ടിവന്നാൽ മുഖ്യമന്ത്രിയെ നേരിൽ കാണുന്നതിനും തീരുമാനിച്ചതായി പ്രസിഡന്റ് അറിയിച്ചു.