പറവൂരിൽ വൻ മയക്കുമരുന്നുവേട്ട; മൂന്നുപേർ പിടിയിൽ
1375732
Monday, December 4, 2023 4:46 AM IST
പറവൂർ: ഡൽഹിയിൽ നിന്ന് കൊണ്ടുവന്ന 1.810 കിലോ എംഡിഎംഎയുമായി പറവൂരിൽ മൂന്നുപേർ പോലീസ് പിടിയിൽ. ആലങ്ങാട് നീറിക്കോട് തേവാരപ്പിള്ളി നിധിൻ വിശ്വം (25), നോർത്ത് പറവൂർ തട്ടാൻപടി കണ്ണൻ കുളത്തിൽ നിധിൻ കെ. വേണു (തംബുരു 28), പെരുവാരം ശരണം വീട്ടിൽ അമിത് കുമാർ (29) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പിടികൂടിയത്.
പ്രതികൾ വാടകയ്ക്കെടുത്ത പറവൂർ തത്തപ്പിള്ളിയിലെ വീടിന്റെ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. കൂടിയ അളവിൽ എംഡിഎംഎ കൊണ്ടുവന്ന് അമ്പത്, ഇരുപത് ഗ്രാം പായ്ക്കറ്റുകളിലാക്കിയാണ് വിൽപ്പന. ഡൽഹിയിലേക്ക് വിമാന മാർഗം പോയി അവിടെനിന്ന് സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങി മയക്കുമരുന്ന് വാങ്ങി കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്.
കോമ്പൗണ്ടിൽ സൂക്ഷിച്ച വാഹനത്തിന്റെ ടയറുകൾക്കുള്ളിൽനിന്നും വീട്ടിൽനിന്നുമാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഹൃസ്വ ചിത്രത്തിന്റെ ഷൂട്ടിംഗിനെന്ന് പറഞ്ഞാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. ഇവിടെ വച്ച് ഓഡീഷനും നടത്തിയിരുന്നു.
വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ റൂറൽ ജില്ലയിൽ നടക്കുന്ന "ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറൽ’ പദ്ധതിയുടെ ഭാഗമായി ഡാൻസാഫ് ടീമും പറവൂർ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. നിധിൻ കെ. വേണുവിന്റെ പക്കൽനിന്ന് മുന്പ് പാലക്കാട് 12 കിലോഗ്രാം കഞ്ചാവ് പിടിച്ചിരുന്നു. നിധിൻ വിശ്വം വധശ്രമം, ആത്മഹത്യാപ്രേരണ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്.
ഡിവൈഎസ്പിമാരായ പി.പി. ഷംസ്, എം.കെ. മുരളി, ഇൻസ്പെക്ടർ ഷോജോ, വർഗീസ്, സബ് ഇൻസ്പെക്ടർമാരായ പ്രശാന്ത് പി.നായർ, ഷാഹുൽ ഹമീദ് തുടങ്ങിയവരും റെയ്ഡിനുണ്ടായിരുന്നു.