ആഘോഷങ്ങള്‍ അടുത്തു; പൊടിപൊടിച്ച് ലഹരി വില്പന
1375731
Monday, December 4, 2023 4:46 AM IST
കൊച്ചി: ആഘോഷത്തിരക്കിലമര്‍ന്ന കൊച്ചിയില്‍ ലഹരി ഒഴുകുകയാണ്. പുതുവര്‍ഷം മുന്നില്‍ക്കണ്ട് ലഹരി വില്പന സംഘങ്ങളും സജീവമായി. വില്പനക്കാരെയും ഉപഭോക്താക്കളെയും പിടികൂടാന്‍ പോലീസും എക്സൈസും സർവസന്നാഹങ്ങളുമായി കളത്തിലിറങ്ങിയിട്ടും സകല പൂട്ടും പൊളിച്ചാണ് കച്ചവടം.
പുതുവത്സരാഘോഷങ്ങള്‍ക്ക് ജനം ഒഴുകിയെത്തുന്ന കൊച്ചിക്ക് പ്രധാന തലവേദനയും ഈ ലഹരി തന്നെ. ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ടും ഇതിനു തടയിടാനുള്ള നടപടികളിലേക്ക് പോലീസും എക്സൈസും കാര്യമായി കടന്നിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ ഡിസംബര്‍ മാസങ്ങളില്‍ പ്രത്യേക പരിശോധനകളടക്കം സംഘടിപ്പിച്ചിരുന്നത് ഇക്കുറി കാണാനില്ല. സമീപ ദിവസങ്ങളിലായി യുവാക്കള്‍ ഉള്‍പ്പെടുന്ന ലഹരി കേസുകളും വര്‍ധിക്കുകയാണ്. ഒരിക്കല്‍ കേസില്‍ അകപ്പെട്ടയാള്‍ വീണ്ടും മയക്കുമരുന്നുമായി പിടികൂടിയ സംഭവമടക്കം നിരവധി കേസുകളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ സംഘമാണ് കൊച്ചിയിലെ ലഹരി വില്പനയ്ക്ക് പിന്നില്‍.
ഗ്രാമിന് 2000 രൂപയ്ക്ക് ബംഗളൂരുവില്‍ നിന്നെത്തിക്കുന്ന ലഹരി മരുന്നുകള്‍ 4000 രൂപയ്ക്കു മുകളിലാണ് ഇവിടെ വിറ്റഴിക്കുന്നത്.
പോലീസിന്റെയും എക്സൈസിന്റെയും കണ്ണില്‍പ്പെടാതിരിക്കാന്‍ ഓണ്‍ലൈന്‍ മുഖേനയാണ് ഭൂരിഭാഗം ഇടപാടുകളും. സംശയിക്കാതിരിക്കാന്‍ ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് സ്ത്രീകളെ മുന്‍നിര്‍ത്തി കച്ചവടം നടത്തുന്നവരുമുണ്ട്. നഗരത്തിലെ ആഡംബര ഹോട്ടലില്‍ നിന്ന് എംഡിഎംഎയും ഹാഷ് ഓയിലുമായി യുവതിയുള്‍പ്പെടെ മൂന്നു പേര് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പോലീസിന്റെ പിടിയിലായിരുന്നു. നഗരത്തിലെ വിവിധ ഓയോ ഹോട്ടലുകളിലും ലോഡ്ജുകളിലും നടത്തിയ പരിശോധനയില്‍ ലഹരി മരുന്നുകള്‍ക്കൊപ്പം എയര്‍ പിസ്റ്റല്‍ അടക്കം പിടിച്ചെടുത്തിരുന്നു. ഇരുചക്രവാഹനങ്ങളിലും കാറുകളിലും നഗരം ചുറ്റിക്കറങ്ങി ലഹരി എത്തിക്കുന്ന സംഘങ്ങളുമുണ്ട്.
ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ പ്രത്യേക പൊതികളിലാക്കി മയക്കുമരുന്ന് വയ്ക്കും. ഇതിന്റെ ഫോട്ടോ ഉപഭോക്താവിന് അയച്ചുകൊടുത്ത് കൈമാറുന്നതാണ് പുത്തന്‍ രീതി. ഇത്തരത്തില്‍ വില്പന നടത്തിയിരുന്ന ട്രാന്‍സ്ജെന്‍ഡറും സുഹൃത്തും കഴിഞ്ഞദിവസം മട്ടാഞ്ചേരിയില്‍ നിന്ന് പിടിയിലായിരുന്നു. കൊച്ചിയിലടക്കം ലഹരി വില്പന നടത്തുന്ന ഇവരുടെ മുഖ്യ കണ്ണിയെപ്പറ്റി ഇവരില്‍ നിന്ന് പോലീസിന് വിരങ്ങളും ലഭിച്ചിരുന്നു.
കേസില്‍ അകപ്പെട്ടവരെയും കൂട്ടാളികളെയും കേന്ദ്രീകരിച്ച് നിരന്തര നിരീക്ഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊച്ചിന് കാര്‍ണിവലിന് അടക്കം പതിനായിരക്കണക്കിന് ആളുകള്‍ നഗരത്തിലെത്താൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ അധികൃതര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്നതും ആശങ്ക ഉളവാക്കുന്നു.