തൊഴിലാളിവിരുദ്ധ സമീപനങ്ങൾക്കെതിരെ പോരാടണമെന്ന് രമേശ് ചെന്നിത്തല
1375729
Monday, December 4, 2023 4:46 AM IST
കോലഞ്ചേരി: കോർപറേറ്റുകൾക്ക് ഇന്ത്യാ മഹാരാജ്യത്തെ തീറെഴുതി കൊടുക്കുന്ന ജനദ്രോഹ നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവസാനിപ്പിക്കണമെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
കോലഞ്ചേരിയിൽ നടന്ന ഐഎൻടിയുസി എറണാകുളം ജില്ലാ സമ്മേളനം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നു. തൊഴിലാളി വർഗത്തിന്റെ അടിസ്ഥാന സർക്കാരെന്ന് സ്വയം അവകാശപ്പെടുന്ന ഇടതുപക്ഷം കേരളത്തെ കടത്തിൽ മുക്കി തൊഴിൽ മേഖല ആകമാനം താറുമാറാക്കിയെന്ന് ആരോപിച്ച ചെന്നിത്തല തൊഴിലാളിവി രുദ്ധ സമീപനങ്ങൾക്കെതിരെ പോരാടണമെന്നും പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയായി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ്, എംഎൽഎമാരായ മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, ഉമാ തോമസ്, മുൻ എംഎൽഎ പി.ജെ. ജോയ് ,തമ്പി കണ്ണാടൻ, പ കെ.വി. എൽദോ, പോൾസൺ പീറ്റർ, ടി.കെ. രമേശ്, എം.എം. രാജു തുടങ്ങിയവർ പ്രസംഗിച്ചു.
തൊഴിലാളിക്കരുത്ത് വിളിച്ചോതിയ റാലി
കോലഞ്ചേരി: തൊഴിലാളികളുടെ കരുത്ത് അറിയിച്ച് കോലഞ്ചേരിയിൽ ഐഎൻടിയുസി ജില്ലാ റാലി. ഞാറ്റുംകാലം ഹെൽപ്പ് ടോപ്പിൽ നിന്നും ആരംഭിച്ച റാലി ഏറെ സമയം എടുത്താണ് കോലഞ്ചേരി ടൗണിലേക്ക് പ്രവേശിച്ചത്.
ബെന്നി ബഹനാൻ എംപി ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന ജില്ലാ നേതാക്കൾ അണിനിരന്ന വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ അണിനിരുന്ന ജില്ലാ റാലിയാണ് കോലഞ്ചേരിയെ വർണാഭമാക്കിയത്.