ഓട്ടിസം ബാധിച്ച കുട്ടികളെ ചേർത്തുപിടിച്ച് ജയസൂര്യ
1375728
Monday, December 4, 2023 4:46 AM IST
കൊച്ചി: 50 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പുറത്തിറങ്ങുന്ന ഒരു മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ നമ്മുടെ കൈയില്‍ കിട്ടിയാല്‍ എങ്ങനെയായിരിക്കുമോ അങ്ങനെയാണ് ഓട്ടിസം ബാധിച്ച കുട്ടികളെന്ന് ചലച്ചിത്ര താരം ജയസൂര്യ. വലിയ കഴിവുകളുള്ള കുട്ടികളാണ് അവർ. എന്നാല്‍ മാതാപിതാക്കള്‍ക്ക് ഉള്‍പ്പെടെ പലപ്പോഴും ഈ കുട്ടികളുടെ കഴിവുകള്‍ പുറത്തെടുക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓട്ടിസം ബാധിച്ച കുട്ടികളെയും കുടുംബത്തെയും സഹായിക്കുന്നതിന് റോട്ടറി ക്ലബ് ഓഫ് കൊച്ചിന് നൈറ്റ്സ് സംഘടിപ്പിച്ച നാലാമത് സാന്റാ റണ്ണിനോടനുബന്ധിച്ച് ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തിലെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈബി ഈഡന് എംപി, റോട്ടറി ഡിസ്ട്രിക്ട് 3201 ഗവര്‍ണര്‍ ടി.ആര്. വിജയ് കുമാര്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ ശ്വേത വാസുദേവന്‍, ഡിസ്ട്രിക്ട് ഡയറക്ടര്‍ അരവിന്ദ്, ചെയര്മാന് സാബു ജോണി, ഡോ. ഫെസി ലൂയിസ്, ഡോ. അരുണ്‍ ഉമ്മന്‍, സുനില്‍ ശ്രീധര്‍, ജി.എന്‍. രമേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ വിഭാഗങ്ങളില്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ജയസൂര്യയും ഹൈബി ഈഡന് എം പിയും സമ്മാനങ്ങള്‍ വിതരണം ചെയ്തു. രണ്ടായിരത്തിലേറെ പേരാണ് സാന്റാ റണ്ണിലും സൈക്കിളിംഗിലും പങ്കെടുത്തത്. ഓട്ടിസം ബാധിച്ച കുട്ടികളുടെ പരിപാടികള്‍, ഫിറ്റ്നസ് ഡാന്‍സ് തുടങ്ങി വിവിധ പരിപാടികളും അരങ്ങേറി.