ആലുവ മുനിസിപ്പൽ ഗ്രൗണ്ടിന് പുതിയ മുഖം: ഉദ്ഘാടനം 9ന്
1375719
Monday, December 4, 2023 4:45 AM IST
ആലുവ: നിരവധി ഫുട്ബോൾ മേളകൾക്ക് വേദിയായി ദേശീയ താരങ്ങളെ വാർത്തെടുത്ത സബ് ജയിൽ റോഡിലെ മുനിസിപ്പൽ ഗ്രൗണ്ടിന്റെ ആദ്യഘട്ട നവീകരണം പൂർത്തിയായി. പുതിയ മുഖം കൈവരിച്ച മൈതാനത്തിന്റെ ഉദ്ഘാടനം ഒമ്പതിന് വൈകിട്ട് അഞ്ചിന് ബെന്നി ബഹനാൻ എംപി നിർവഹിക്കും.
കഴിഞ്ഞ ഫെബ്രുവരിയിലാണ് എംപി ഫണ്ട് ഉപയോഗിച്ച് നവീകരണം ആരംഭിച്ചത്. ഗ്രൗണ്ടിന്റെ പ്രവേശന കവാടത്തിലെ വലിയ തണൽമരം വെട്ടിമാറ്റിയാണ് നവീകരണം തുടങ്ങിയത്. ടോയ്ലറ്റ് ബ്ലോക്ക് നിർമാണം ആദ്യം നടത്തി. 55 ലക്ഷം രൂപ ചെലവഴിച്ച് 30 അടി ഉയരത്തിൽ സ്റ്റീൽ ഫെൻസിംഗ്, പുതിയ പ്രവേശന കവാടം, ഇലക്ട്രിഫിക്കേഷൻ എന്നിവയും പൂർത്തിയായി. നൈലോൺ നെറ്റ് കൂടി അടുത്ത ദിവസം സ്ഥാപിക്കും. റോഡിലേക്കും സമീപത്തെ വീടുകളിലേക്കും പന്തുകൾ എത്തുന്ന പ്രശ്നവും ഇതോടെ ഇല്ലാതാകും. രണ്ടാംഘട്ട നവീകരണത്തിൽ ആർട്ട്ഫിഷ്യൽ ടർഫ് നിർമാണവും ഉടൻ തുടങ്ങുമെന്ന് ആലുവ നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ അറിയിച്ചു.