തൃക്കാക്കരയിൽ മാലിന്യക്കലവറ
1375718
Monday, December 4, 2023 4:45 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ തുതിയൂർ പ്രദേശം മാലിന്യത്താൽ നിറയുന്നു. തുതിയൂർ വഴി കടമ്പ്രയാറിലേക്ക് പോകുന്ന കാളച്ചാൽ തോട്ടിലെ മാലിന്യത്തിന്റെ അളവും മലിനീകരണത്തിന്റെയും തോത് ദിനംപ്രതി ഉയരുകയാണ്. സ്വകാര്യ കമ്പനിയിൽനിന്ന് ഒഴുക്കുന്ന മലിന ജലവും പ്ലാസ്റ്റിക് മാലിന്യങ്ങളും കാളച്ചാൽ തോട്ടിൽ കെട്ടിക്കിടക്കുന്നതിനാൽ വെള്ളത്തിന്റെ ഒഴുക്ക് നിലയ്ക്കുകയും തോടിന്റെ പരിസരത്തുള്ള ശുദ്ധജല സ്രോതസുകൾ മലിനപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണ്.
ഇതുമൂലം തോടിന്റെ വശങ്ങളിൽ താമസിക്കുന്നവർ കടുത്ത പകർച്ചവ്യാധി ഭീതിയിലാണ്. ഇന്നലെ പുലർച്ചെ തുതിയൂരിലെ പാറമട കുളത്തിൽ പഴം പച്ചക്കറി മാലിന്യം തള്ളാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. തുതിയൂർ ഇന്ദിര നഗർ കോളനിക്ക് സമീപത്തെ വെളുത്തപാറ പാറമടയിലേക്ക് കാക്കനാട് ദൂരദർശൻ കേന്ദ്രത്തിനു സമീപത്തുള്ള സ്ഥാപനത്തിലെ ചീഞ്ഞഴുകിയ പഴം പച്ചക്കറി മാലിന്യം തള്ളാനെത്തിയ വാൻ പ്രദേശവാസികൾ ചേർന്ന് തടയുകയായിരുന്നു.
വെളുത്തപാറയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ വീടുകളിൽ നടന്ന മോഷണത്തെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് മാലിന്യം തള്ളാനെത്തിയ വാൻ ശ്രദ്ധയിൽപ്പെട്ടത്.
വാനിലെത്തിയവരോട് കാര്യമന്വേഷിച്ചപ്പോൾ മാലിന്യമാണെന്ന് മനസിലാവുകയും ഇതോടെ ഡ്രൈവറും സഹായികളും നാട്ടുകാർക്ക് നേരെ തട്ടിക്കയറുകയും ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. നാട്ടുകാരിൽ ചിലർക്ക് പരിക്കേൽക്കുകയുമുണ്ടായി. മാലിന്യം വാഹനത്തിന്റെ ചില്ലുകൾ നാട്ടുകാർ തകർത്തു. തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ള അറിയിച്ചതിനെത്തുടർന്ന് ഹെൽത്ത് സൂപ്പർവൈസർ സഹദേവന്റെ നിർദേശത്തിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ താരിഫ് ഇബ്രാഹിമും മറ്റു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചു. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ കേസ് എടുക്കുമെന്ന് ഹെൽത്ത് സൂപ്പർവൈസർ സഹദേവൻ അറിയിച്ചു. വാഹനം തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തു.