വിവരാവകാശ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവം: പോലീസ് കേസെടുത്തു
1375717
Monday, December 4, 2023 4:45 AM IST
ആലുവ: വിവരാവകാശ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കോടതി നിർദേശിച്ചതോടെ ആലുവ ടൗൺ പോലീസ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തു. ചൂർണിക്കര പഞ്ചായത്ത് കാര്യാലയത്തിൽ ഒക്ടോബർ 12ന് നടന്ന സംഭവത്തിലാണ് ആലുവ കോടതിയുടെ ഉത്തരവ് പ്രകാരം കേസെടുത്തത്.
പഞ്ചായത്ത് ഓഫീസിൽ നൽകിയ വിവരാവകാശ നിയമ അപേക്ഷയുടെ രസീത് വാങ്ങാൻ വന്ന തായ്ക്കാട്ടുകര കുടിലിങ്കിൽ വീട്ടിൽ കെ.ടി. രാഹുലിനെ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തിയതായാണ് പരാതി. പഞ്ചായത്തിലെ താത്ക്കാലിക ജീവനക്കാരി, ഭർത്താവ്, സുഹൃത്ത് എന്നിവർ ചേർന്ന് വധഭീഷണി മുഴക്കിയതായാണ് പരാതിയിൽ പറയുന്നത്.
എന്നാൽ പോലീസ് കേസെടുക്കാൻ വിസമ്മതിച്ചതോടെ ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹർജി നൽകുകയായിരുന്നു. ഇതേതുടർന്നാണ് കോടതി കേസെടുക്കാൻ നിർദേശം നൽകിയത്.
ചൂർണിക്കര പഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് വിവരാവകാശ രേഖ പ്രകാരം കണ്ടെത്തിയതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്നാണ് പരാതി.