അമൃതയിൽ അന്താരാഷ്ട്ര സമ്മേളനം
1375716
Monday, December 4, 2023 4:45 AM IST
കൊച്ചി: അമൃത ആശുപത്രിയിൽ നടന്ന ആറാമത് അന്താരാഷ്ട്ര പബ്ലിക് ഹെൽത്ത് സമ്മേളനം സമാപിച്ചു. കാൻസർ നിയന്ത്രണത്തിന് അവലംബിക്കേണ്ട മാർഗങ്ങൾ എന്ന വിഷയം അടിസ്ഥാനമാക്കിയായിരുന്നു സമ്മേളനം. സിനിമാതാരവും മാക്സ് ഫൗണ്ടേഷൻ ദക്ഷിണേഷ്യൻ റീജൻ മേധാവിയുമായ വിജി വെങ്കിടേഷാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി, അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.വി. ബീന, കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എസ്. അശ്വതി, ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ. പവിത്രൻ, പബ്ലിക് ഹെൽത്ത് വിഭാഗം മേധാവി ഡോ. കെ.ആർ. തങ്കപ്പൻ, ഡോ. ശോഭ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആരോഗ്യ വിദഗ്ധർ ചർച്ചകൾ നയിച്ചു. കാൻസർ ചികിത്സയുടെ ലഭ്യത മെച്ചപ്പെടുത്തണമെന്നും ചികിത്സയ്ക്കായുള്ള തുക സാധാരണക്കാരന് താങ്ങാനാകുന്നതാകണമെന്നും സിൽച്ചാറിലെ കാച്ചാർ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ഡയറക്ടറും 2023ലെ മാഗ്സസെ പുരസ്കാര ജേതാവുമായ ഡോ. രവി കണ്ണൻ സെഷനിൽ ചൂണ്ടിക്കാട്ടി.