പെരുമ്പാവൂർ-മൂവാറ്റുപുഴ റൂട്ടിൽ രാത്രിയാത്രാ പ്രതിസന്ധി
1375715
Monday, December 4, 2023 4:45 AM IST
പെരുമ്പാവൂർ: പെരുമ്പാവൂരിൽനിന്നു രാത്രി എട്ടിന് ശേഷം മൂവാറ്റുപുഴയിലേക്ക് കെഎസ്ആർടിസി ഓർഡിനറി ബസ് സർവീസ് ഇല്ലാത്തത് യാത്രക്കാരെ വലക്കുന്നു. എറണാകുളം, ആലുവ ഭാഗത്തുനിന്നും വരുന്ന യാത്രക്കാർ മൂവാറ്റുപുഴ ഭാഗത്തേക്ക് പോകാനായി പെരുമ്പാവൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ തിങ്ങി നിറഞ്ഞു നിൽക്കുന്നത് പതിവ് കാഴ്ചയാണ്.
തൃശൂർ ഭാഗത്തുനിന്ന് പെരുമ്പാവൂർ വഴി കോട്ടയം ഉൾപ്പെടെയുള്ള ഭാഗത്തേക്ക് ദീർഘദൂര ബസുകൾ കുറവാണെന്നുള്ളതും ജനങ്ങൾക്ക് ദുരിതമാകുന്നു. രാത്രി എട്ടിന് ശേഷം കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തുന്നവർ മണിക്കൂറുകൾ കാത്തുനിന്നാണ് യാത്ര തുടരുന്നത്.
കഴിഞ്ഞ ദിവസം ബസ് കാത്തു നിന്ന മധ്യവയസ്ക തലകറങ്ങി വീണ സംഭവം നവ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കോവിഡ് മഹാമാരിക്ക് മുന്പ് വരെ മൂവാറ്റുപുഴയിലേക്ക് രാത്രി 8.10, 8.45, 9.20, 10.20 എന്നീ സമയങ്ങളിൽ കെഎസ്ആർടിസി ഓർഡിനറി സർവീസ് നടത്തിയിരുന്നു. എന്നാൽ കോവിഡിന് ശേഷം യാത്രികരുടെ എണ്ണം വർധിച്ചിട്ടും കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചില്ല. വൈകുന്നേരം 6.40ന് ശേഷം മൂവാറ്റുപുഴയിലേക്ക് സ്വകാര്യ ബസ് സർവീസ് ഇല്ലാത്തതും അധികൃതർ അവഗണിക്കുകയാണ്.
കെഎസ്ആർടിസി രാത്രി എട്ടിന് ശേഷം അടിയന്തരമായി രണ്ട് ഓർഡിനറി സർവീസ് മൂവാറ്റുപുഴ ഭാഗത്തേക്ക് ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇതിനായുള്ള സമര പരിപാടികൾക്ക് രൂപം നൽകാനുള്ള ശ്രമത്തിലാണ് യാത്രക്കാർ.