കൂർക്ക കൃഷിയിൽ വിജയഗാഥയുമായി പ്രഭാകരൻ
1375713
Monday, December 4, 2023 4:45 AM IST
മൂവാറ്റുപുഴ: കൂർക്ക കൃഷിയിൽ വിജയഗാഥ രചിച്ച് പ്രഭാകരൻ. മുളവൂർ തച്ചോടത്തുംപടി കുന്പകപ്പിള്ളി പ്രഭാകരന്റെ അരയേക്കർ സ്ഥലത്തെ കൂർക്ക കൃഷിയിലാണ് നൂറുമേനി വിളവ് ലഭിച്ചത്. പ്രഭാകരന്റെ പുരയിടത്തിൽ കപ്പ, വാഴ, ചേനയടക്കം കൃഷി ചെയ്തിരുന്ന സ്ഥലത്താണ് മുളവൂർ കൂർക്ക പരീക്ഷിച്ചത്. സ്വന്തമായി വിത്ത് പാകി മുളപ്പിച്ച കൂർക്കത്തലയാണ് കൃഷിക്കായി ഉപയോഗിച്ചത്. സ്വന്തമായി പശു ഫാമുള്ള പ്രഭാകരൻ ചാണകം വളമായും ഉപയോഗിച്ചു. അടുത്ത ആഴ്ച കൂർക്ക വിളവെടുക്കാൻ ഒരുങ്ങുകയാണ് പ്രഭാകരൻ.
ഒരുകാലത്ത് മുളവൂർ മേഖലയിൽ വ്യാപകമായി കൃഷി ചെയ്തിരുന്ന കൂർക്ക കപ്പ കൃഷിയുടെ കടന്ന് വരവോടെ അപ്രത്യക്ഷമാവുകയായിരുന്നു. കാർഷീക മേഖലയായ മുളവൂരിൽ നെൽകൃഷിയോടൊപ്പം കൂർക്ക കൃഷിയും വ്യാപകമായി ചെയ്തിരുന്നു.
കൂർക്ക കൃഷി ചെയ്തിരുന്ന സ്ഥലത്ത് കൂർക്ക വിളവെടുപ്പിന് ശേഷം നെൽകൃഷിയും ചെയ്യാമെന്നതാണ് കർഷകരെ കൂർക്ക കൃഷിയിലേയ്ക്ക് ആകർഷിക്കാൻ പ്രധാന കാരണം. നട്ട് അഞ്ചാം മാസം കൂർക്ക വിളവെടുക്കാം. ഉണങ്ങിയ വള്ളി നീക്കി കിഴങ്ങിന് മുറിവുപറ്റാതെ ശ്രദ്ധയോടെ ഇളക്കിയെടുക്കണം. നിധി, സുഫല, ശ്രീധര തുടങ്ങിയ മികച്ച വിത്തിനങ്ങളുണ്ട്. ഇതിൽ നിധിയും സുഫലയും കേരള കാർഷിക സർവകലാശാലയും ശ്രീധര കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും വികസിപ്പിച്ചെടുത്തതാണ്.