ബൈക്കിലെത്തിയ രണ്ടംഗ സംഘം പട്ടാപ്പകൽ വയോധികയുടെ സ്വർണമാല കവർന്നു
1375712
Monday, December 4, 2023 4:45 AM IST
കോതമംഗലം: നേര്യമംഗലം കോളനി റോഡില്‍ ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം പട്ടാപ്പകല്‍ കാല്‍നടക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നു. നേര്യമംഗലം കോളനിയില്‍ താമസിക്കുന്ന ഇല്ലിപ്പറമ്പില്‍ ചെല്ലമ്മയുടെ (68) രണ്ടു പവന്റെ മാലയാണ് പൊട്ടിച്ചത്.
പിടിവലിയ്ക്കിടെ മാലയുടെ നാലുഗ്രാം മോഷ്ടാക്കൾ പൊട്ടിച്ചു കൊണ്ടുപോയി. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. നടന്നു പോകുകയായിരുന്ന ചെല്ലമ്മ വീടിനടുത്ത് എത്തിയപ്പോള്‍ മണിയന്‍പാറ ഭാഗത്തു നിന്ന് ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടുപേര്‍ പിന്നിലൂടെ വന്ന് കാറ്ററിംഗ് നടത്തുന്ന പുഷ്കരന്റെ വീട് അറിയുമോയെന്ന് ചോദിക്കുകയും മാലയില്‍ പിടിമുറുക്കുകയുമായിരുന്നു.
ഭയന്നെങ്കിലും ചെല്ലമ്മയും മാലയില്‍നിന്ന് പിടിവിട്ടില്ല. ഇതിനിടെ മാലയുടെ ഒരുഭാഗം മോഷ്ടാക്കളുടേയും ബാക്കി വീട്ടമ്മയുടെയും കൈകളിലായി. ഊന്നുകല്‍ പോലീസ് സ്ഥലത്തെത്തി സിസി ടിവി ദൃശ്യമടക്കം പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.
ഇടുക്കി റോഡിലൂടെ എത്തിയ മോഷ്ടാക്കള്‍ കവര്‍ച്ച നടത്തി നേര്യമംഗലം ടൗണിലൂടെയാണ് പോയത്. നീല നിറത്തിലുള്ള ബൈക്കിലാണ് സംഘം എത്തിയതെന്ന് പരിശോധനയില്‍ പോലീസ് കണ്ടെത്തി.