കിടക്ക നിർമാണശാലയിൽ തീപിടിത്തം
1375248
Saturday, December 2, 2023 2:45 AM IST
പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിലെ പട്ടണം ആളംതുരുത്തിൽ കിടക്ക നിർമാണശാലയ്ക്ക് തീപിടിച്ചു. എറിയാട് സ്വദേശി നിസാറിന്റെ ഉടമസ്ഥതയിലുള്ള പെർഫെക്റ്റ് മാറ്റ്റസ് എന്ന സ്ഥാപനത്തിൽ വെള്ളി ഉച്ചയ്ക്ക് 2.30 ഓടെയാണ് അഗ്നിബാധ ഉണ്ടായത്.
പത്തുവർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ അഞ്ച് സ്ഥിരം ജീവനക്കാരും, പ്രദേശവാസികളായ നിരവധി സ്ത്രീ തൊഴിലാളികളും പണിയെടുക്കുന്നുണ്ട്. സ്ഥാപനത്തിലെ ഒരു ജീവനക്കാരന്റെ വിവാഹമായതിനാൽ അതിഥിത്തൊഴിലാളിയായ ഒരു ജീവനക്കാരൻ മാത്രമാണ് തീപിടുത്ത സമയത്ത് കമ്പിനിയിൽ ഉണ്ടായത്. മറ്റുള്ളവരെല്ലാം വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.
പറവൂർ, കൊടുങ്ങല്ലൂർ യൂണിറ്റുകളിൽ നിന്നും അഗ്നിശമനസേന ഉദ്യോഗസ്ഥരെത്തിയാണ് തീ അണച്ചത്. യന്ത്രസാമഗ്രികൾ ഉൾപ്പടെ കെട്ടിടം പൂർണമായും കത്തി നശിച്ചു. അലൂമിനിയം ഷീറ്റ് മേഞ്ഞ കെട്ടിടത്തിലാണ് കമ്പനി പ്രവർത്തിച്ചിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. ഒരു കോടി രൂപയിലേറെ നാശനഷ്ടമുണ്ടായെന്നാണ് വിവരം.