പരിപാടി സംഘടിപ്പിക്കണോ, പല കാര്യങ്ങൾ പാലിക്കണം
1374904
Friday, December 1, 2023 6:09 AM IST
കൊച്ചി: കളമശേരി സ്ഫോടനത്തിന് പിന്നാലെ കുസാറ്റിലെ ദുരന്തംകൂടിയായതോടെ ജില്ലയിലെ ഓഡിറ്റോറിയങ്ങളിലും കണ്വന്ഷന് സെന്ററുകളിലും സുരക്ഷാ മാര്‍ഗരേഖകള്‍ കര്‍ശനമാക്കി പോലീസ്. പന്ത്രണ്ടോളം നിര്‍ദേശങ്ങള്‍ അടങ്ങിയ ഈ മാര്‍ഗരേഖക്ക് വിധേയമായായിരിക്കണം ഇനി ഓഡിറ്റോറിയങ്ങളുടെ പ്രവര്‍ത്തനം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് പോലീസ് ആലോചിക്കുന്നത്.
മാര്‍ഗരേഖ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ഓഡിറ്റോറിയം, കൺവന്ഷന് സെന്റര്‍ ഉടമകള്‍ക്കും നടത്തിപ്പുകാര്‍ക്കും കൈമാറി. ആദ്യഘട്ടത്തില്‍ നഗരത്തില്‍ മാത്രം നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്ന സംവിധാനം കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തല് ജില്ല മുഴുവന്‍ വ്യാപിപ്പിക്കാനാണ് നീക്കം.
കുസാറ്റില്‍ മൂന്ന് വിദ്യാര്‍ഥികളടക്കം നാലു പേര് മരിച്ച സംഭവത്തിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ ഭൂരിഭാഗം ഓഡിറ്റോറിയങ്ങളും കണ്വന്ഷന് സെന്ററുകളും യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് വ്യക്തമായിരുന്നു. കളമശേരി സ്ഫോടനവും കുസാറ്റ് സംഭവവും അടുത്തടുത്തായി സംഭവിച്ചതോടെ പോലീസിന് വീഴ്ച സംഭവിച്ചെന്ന ആരോപണങ്ങളും ശക്തമായിരുന്നു. ഇതോടെയാണ് ഇത്തരം സ്ഥലങ്ങള്‍ക്ക് പൊതുവായ മാര്‍ഗരേഖ കൊണ്ടുവരാന്‍ പോലീസ് നിര്‍ബന്ധിതരായത്.