ഗാനമേള അറിഞ്ഞില്ലെന്ന കുസാറ്റ് വാദം പൊളിയുന്നു
1374903
Friday, December 1, 2023 6:09 AM IST
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് എൻജിനീയറിംഗിലെ (എസ്ഒഇ) ടെക്ഫെസ്റ്റ് 'ധിഷ്ണ'യുടെ ഭാഗമായി ഗാനമേള നടക്കുന്ന കാര്യം സർവകലാശാല അറിഞ്ഞില്ലെന്ന വാദം പൊളിയുന്നു. സ്കൂൾ കുട്ടികൾക്കും പൊതുജനങ്ങൾക്കും പരിപാടിയിലേക്ക് പ്രവേശനം ഉണ്ടായിരിക്കുമെന്ന നവംബർ 23ലെ കുസാറ്റിന്റെ അറിയിപ്പ് കത്ത് പുറത്തായി.
നവംബർ 24 മുതൽ 26 വരെ എസ്ഒഇ കാമ്പസിൽ നടക്കുമെന്നാണ് കത്തിൽ പറയുന്നത്. പാനൽ ചർച്ചകൾ, ടെക്നിക്കലും നോൺ ടെക്നിക്കലുമായ മത്സരങ്ങൾ, ടെക്നിക്കൽ ഇന്നവേഷൻ പ്രദർശനങ്ങൾ കൂടാതെ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനസന്ധ്യ, അമ്പതിൽപരം വിവിധ വാഹനങ്ങൾ അടങ്ങിയ ഓട്ടോഷോ, യൂറോപ്യൻ റോവർ ചലഞ്ചിൽ വിജയികളായ ടീമിന്റെ മാർസ് റോവർ, കുസാറ്റിലെ റഡാർ കേന്ദ്രവുമായി സഹകരിച്ച് 2,00,000 അടി ഉയരത്തിൽ എന്ന റിക്കോർഡ് നേട്ടത്തിനായി പറപ്പിക്കുന്ന എയർ ബലൂൺ, ബഹിരാകാശത്തെ മനുഷ്യവാസ സാധ്യതകൾ കാണിക്കുന്ന സ്പേസ് കൊളോസിയം, 20ൽപരം പാരലൽ വർക്ക് ഷോപ്പുകൾ എന്നിവ ധിഷ്ണയുടെ ആകർഷണങ്ങളാകുമെന്നും കത്തിലുണ്ട്.
കൂടാതെ മത്സരത്തിൽ വിജയികളാകുന്നവർക്ക് മൂന്ന് ലക്ഷം രൂപയ്ക്കുള്ള സമ്മാനങ്ങൾ ലഭിക്കുമെന്നും അഞ്ച് ഏക്കറോളം വരുന്ന കാമ്പസിന്റെ വിവിധ ഭാഗങ്ങളിലായാണ് പ്രദർശനം ഒരുക്കിയിരിക്കുന്നതെന്നും കത്തിൽ വിവരിക്കുന്നു.
ക്ലാസ് തുടങ്ങിയെങ്കിലും വിരലിലെണ്ണാവുന്ന വിദ്യാർഥികൾ മാത്രം
കളമശേരി: കുസാറ്റ് കാമ്പസിൽ ടെക് ഫെസ്റ്റിനോടനുബന്ധിച്ചുണ്ടായ ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ സ്കൂൾ ഓഫ് എൻജിനീയറിംഗിലെ കുട്ടികളും അധ്യാപകരും. അഞ്ചും ഏഴും സെമസ്റ്ററുകളിലെ കുട്ടികൾക്ക് ഇന്നലെ ക്ലാസ് തുടങ്ങുമെന്ന് സർവകലാശാല അറിയിച്ചിരുന്നെങ്കിലും ഓരോ ക്ലാസിലും വിരലിലെണ്ണാവുന്നവരാണ് എത്തിയിരുന്നത്. ഇന്നലെ ജില്ലാ മാനസികാരോഗ്യ മിഷൻ, ജീവനി സെന്റർ ഫോർ സ്റ്റുഡന്റ് വെൽബിയിംഗ് എന്നിവയിലെ ഡോക്ടർമാർ മാനസികാരോഗ്യ മിഷൻ കോ-ഓർഡിനേറ്റർ ദയ പാസ്കലിന്റെ നേതൃത്വത്തിൽ കാമ്പസിലെത്തി കൗൺസിലിംഗ് നടത്തി.
മിക്ക വിദ്യാർഥികളും ക്ലാസിലിരിക്കാൻ കഴിയാത്ത മാനസികാവസ്ഥയിലായിരുന്നുവെങ്കിൽ, ക്ളാസെടുക്കാനാവാത്ത അവസ്ഥയിലായിരുന്നു അധ്യാപകർ. അമ്പതിൽ താഴെ വിദ്യാർഥികളാണ് എല്ലാ ബ്രാഞ്ചുകളിൽ നിന്നുമായി ക്ലാസിൽ എത്തിയത്. കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് ഫോണിലൂടെയും സൗകര്യമൊരുക്കിയിട്ടുണ്ട്.ഒന്ന്, മൂന്ന് സെമസ്റ്ററുകളിലുള്ളവർക്ക് തിങ്കളാഴ്ചയാണ് ക്ലാസ് തുറക്കുന്നത്.
അപകടത്തിൽ മരിച്ച അതുൽ തമ്പി (സിവിൽ), സാറ തോമസ്, ആൻ റിഫ്റ്റ റോയ് (ഇരുവരും ഇസി) മൂന്നാം സെമസ്റ്റർ വിദ്യാർഥികളാണ്. ഇവരുടെ ക്ലാസിലിരുന്ന് പഠിച്ചവരും അടുത്ത കൂട്ടുകാരും തിങ്കളാഴ്ചയാണ് കാമ്പസിലെത്തുക. കൂടാതെ ദൂരദേശങ്ങളിലുള്ള മറ്റ് കുട്ടികളും തിങ്കളാഴ്ചയോടെയേ എത്തൂ. അതിനാൽ തിങ്കളാഴ്ചയും കൗൺസിൽ സൗകര്യമുണ്ടാകുമെന്ന് യുവജനക്ഷേമ ഡയറക്ടർ ഡോ. പി.കെ. ബേബി പറഞ്ഞു.