എയ്ഡ്സ് ദിനാചരണം: ഐക്യദാര്‍ഢ്യ ദീപം തെളിച്ചു
1374902
Friday, December 1, 2023 6:09 AM IST
കൊച്ചി: ലോക എയ്ഡ്സ് ദിനാചരണം 2023ന്റെ ഭാഗമായി ജില്ലാതല ഐക്യദാര്‍ഢ്യ ദീപം തെളിയിച്ചു. എറണാകുളം മറൈൻ ഡ്രൈവ് എ.പി.ജെ. അബ്ദുൾ കലാം മാര്‍ഗില്‍ നടന്ന ചടങ്ങില്‍ ആദ്യ തിരി തെളിച്ചുകൊണ്ട് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സി. ജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് നാഷണല്‍ ഹെല്‍ത്ത് മിഷന് ജില്ലാ എയ്ഡ്സ് നിയന്ത്രണ വിഭാഗം ജില്ലാ ടി. ബി സെന്റര്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന വിഷയാവതരണം നടത്തി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ സി. രോഹിണി എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലി. എആര്‍പി നോഡല്‍ ഓഫീസര്‍ ഡോ. പാര്‍വതി എയ്ഡ്സ് ദിന സന്ദേശം നല്കി.
ചടങ്ങില്‍ മുദ്ര സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സിന്റെ കാക്കാരിശി നാടകം അരങ്ങേറി. എറണാകുളം ഗവ. നഴ്സിംഗ് സ്കൂളിലെ വിദ്യാര്‍ഥികള്‍ ദ്യുതിലയം എച്ച്ഐവി ആന്‍ഡ് ടിബി ബോധവത്കരണ നൃത്താവതരണം നടത്തി. ജില്ലാ ടിബി ആന്‍ഡ് എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ. എം. ആനന്ദ്, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ സി.എം. ശ്രീജ, ആരോഗ്യ പ്രവര്‍ത്തകര്‍, നഴ്സിംഗ് വിദ്യാര്‍ഥികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.