ഫ്ളക്സ് ബോർഡ് വിവാദമായി; കാലടി പഞ്ചായത്തറിയാതെ നവകേരള സദസിന് ആശംസ
1374900
Friday, December 1, 2023 6:06 AM IST
കാലടി: പഞ്ചായത്തറിയാതെ നവകേരള സദസിന് ആശംസകളുമായി പഞ്ചായത്തിന്റെ പേരിൽ ഉയർത്തിയ ഫ്ലക്സ് ബോർഡ് വിവാദമായി. യുഡിഎഫ് ഭരിക്കുന്ന കാലടി പഞ്ചായത്ത് നവകേരള സദസുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്റോ ഭരണ സമിതിയോ അറിയാതെ പഞ്ചായത്തിന്റെ പേരിൽ ആശംസകൾ അറിയിച്ചുള്ള ബോർഡ് പഞ്ചായത്ത് മുറ്റത്തെത്തിയത്.
ചില ജീവനക്കാർ എതിർപ്പറിയിച്ചതോടെ ബോർഡ് കൊണ്ടുവന്നവർ തന്നെ എടുത്ത് അയ്യപ്പ ശരണ കേന്ദ്രത്തിന് മുന്നിലുള്ള കാൽനടപ്പാതയിൽ ലൈറ്റിന്റെ കാലിൽ കെട്ടിവച്ച് സ്ഥലം വിടുകയായിരുന്നു.
പഞ്ചായത്തറിയാതെ പഞ്ചായത്തിന്റെ പേരിൽ വച്ച ബോർഡ് നീക്കം ചെയ്യണമെന്നും ബോർഡ് വച്ച കെ.ഡി. ജോസഫിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ച് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. ജീവനക്കാരുടെയും മറ്റും ആശംസകൾ അറിയിച്ച് മറ്റ് ബോർഡുകൾ വച്ചിട്ടുള്ളതിൽ യാതൊരു പരാതിയുമില്ലെന്നും പ്രസിഡന്റ് പറഞ്ഞു.