മഹാരാജാസിൽ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച വിദ്യാര്‍ഥിയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെടില്ല
1374899
Friday, December 1, 2023 6:06 AM IST
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ പ്രിന്‍സിപ്പലിന്റെ ഔദ്യോഗിക കസേര കത്തിച്ച വിദ്യാര്‍ഥിക്ക് തുടര്‍പഠന യോഗ്യത അനുവദിക്കാതെ നല്കിയ ടിസി പിന്‍വലിച്ച് പഠനം പുനരാരംഭിക്കാന്‍ സാഹചര്യമൊരുക്കണമെന്ന ആവശ്യത്തില്‍ ഇടപെടാന്‍ മനുഷ്യാവകാശ കമ്മീഷന് വിസമ്മതിച്ചു. പരാതിയില്‍ ഇടപെടാനുള്ള സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണും ജുഡീഷല്‍ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. കണ്ണൂര്‍ മാമംഗലം സ്വദേശി കെ. ഹരികൃഷ്ണന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
മഹാരാജാസ് കോളജ് പ്രിന്‍സിപ്പലില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. കസേര കത്തിച്ച സംഭവത്തില്‍ പരാതിക്കാരന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 മേയ് 16ന് ടിസി നല്കി ഡിസ്മിസ് ചെയ്തിരുന്നു. എംഎ പൊളിറ്റിക്കല്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അന്ന് പരാതിക്കാരന്.
കേസില്‍ പ്രതികളായ ആറ് വിദ്യാര്‍ഥികളുടെയും ഡിസ്മിസല്‍ ഉത്തരവ്, ടിസി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും രജിസ്റ്റേഡ് തപാലില്‍ അയച്ചുകൊടുത്തിരുന്നു. എന്നാല്‍ പരാതിക്കാരനായ കെ. ഹരികൃഷ്ണന് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റിയില്ല. ഇദ്ദേഹത്തിന്റെ ടിസിയും സ്വഭാവ സര്‍ട്ടിഫിക്കറ്റും എംജി സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും റിപ്പോ ർട്ടിൽ പറയുന്നു.