ഡെങ്കിപ്പനി: കൊതുകുകളുടെ ഉറവിട നശീകരണം കാര്യക്ഷമമാക്കും
1374897
Friday, December 1, 2023 6:06 AM IST
കൊച്ചി: ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ തീരുമാനം. കൊതുകുകളുടെ ഉറവിട നശീകരണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് തീരുമാനം.
നിലവില്‍ നഗര മേഖലകളിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഥിരമായി ചില മേഖലകള്‍ കേന്ദ്രീകരിച്ച് രോഗ വ്യാപനമുണ്ടാകുന്നുണ്ട്. ഇത് തടയാന്‍ പ്രത്യേക കര്‍മപദ്ധതി തയാറാക്കി മുന്നോട്ടുപോകും.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പല ഇടങ്ങളിലും കൊതുകിന് വളരാന്‍ അനുകൂല സാഹചര്യങ്ങളുണ്ട്. ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ചും ഉറവിട നശീകരണം നടത്തണം. കൃത്യമായ ഇടവേളകളില്‍ ഈ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യും. ഇതുമായി ബന്ധപ്പെട്ട ബോധവത്കരണം സ്കൂളുകള്‍ വഴി നടത്താനും യോഗത്തില്‍ തീരുമാനിച്ചു.