സമൂഹമാധ്യമം വഴി മയക്കുമരുന്ന് വില്‍പ്പന; ട്രാന്‍സ്ജെന്‍ഡറും സുഹൃത്തും അറസ്റ്റില്‍
1374896
Friday, December 1, 2023 6:06 AM IST
കൊച്ചി: സമൂഹ മാധ്യമം വഴി മയക്കുമരുന്ന് വില്‍പ്പന നടത്തിയ ട്രാന്‍സ്ജെന്‍ഡറും സുഹൃത്തും അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി പി.എ. ഇസ്തിയാഖ്(26), ട്രാന്‍സ്ജെന്‍ഡറായ ഇടപ്പള്ളി നോര്‍ത്ത് കൂനംതൈ സ്വദേശി അഹാന (26) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് കാക്കനാട് പടമുകള്‍ സാറ്റലൈറ്റ് ജംഗ്ഷന് സമീപത്തെ അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ഇരുവരും പിടിയിലായത്. അക്രമാസക്തരായ ഇരുവരേയും ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്സൈസ് കീഴ്പ്പെടുത്തിയത്.
ഇവരുടെ പക്കല്‍ നിന്നും വിപണിയില്‍ 15 ലക്ഷത്തോളം രൂപ മതിപ്പു വിലവരുന്ന 194 ഗ്രാം എംഡിഎംഎ, മയക്കുമരുന്ന് വില്‍പ്പനയിലൂടെ ലഭിച്ച 9000 രൂപ, മയക്കുമരുന്ന് തൂക്കി നോക്കാന്‍ ഉപയോഗിച്ചിരുന്ന ഡിജിറ്റല്‍ ത്രാസ്, ഒരു ഐഫോണ്‍, മൂന്ന് സ്മാര്‍ട്ട് ഫോണുകൾ എന്നിവയും കസ്റ്റഡിയില്‍ എടുത്തു. "നിശാന്തതയുടെ കാവല്ക്കാര്' എന്ന പേരില്‍ സമൂഹ മാധ്യമത്തില്‍ പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു വില്‍പ്പന. ഓണ്‍ലൈനായി പണം സ്വീകരിച്ച ശേഷം ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് നേരിട്ട് എത്തിച്ചു കൊടുക്കുകയുമായിരുന്നു ഇവരുടെ രീതി.
അറിയപ്പെടുന്നത് "പറവ'; മയക്കുമരുന്ന് ലഭിച്ചിരുന്നത് "മസ്താനില്' നിന്ന്
ഉപയോക്താക്കള്‍ക്കിടയില്‍ "പറവ'എന്നാണ് ഇരുവരും അറിയപ്പെട്ടിരുന്നത്. പകല്‍ സമയം മുറിയില്‍ തങ്ങുന്ന ഇവര്‍ അര്‍ധരാത്രിയോടെ ഉപഭോക്താക്കളില്‍ നിന്നും ഓണ്‍ലൈനായി പണം വാങ്ങും. തുടര്‍ന്ന് മയക്കുമരുന്നുകള്‍ പ്രത്യേക തരം പാക്കറ്റുകളിലാക്കി ഓരോ സ്ഥലത്തും എത്തിച്ചു നല്‍കും. ഇത്തരത്തില്‍ എത്തിച്ച് നല്കുന്ന മയക്കുമരുന്നിന്റെ ഫോട്ടോയും ലൊക്കേഷനും ഉപയോക്താക്കള്‍ക്ക് കൈമാറുകയും ചെയ്യും.
ചോദ്യം ചെയ്യലില്‍ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന മയക്കുമരുന്ന് ശ്യംഖലയില്‍പ്പെട്ട "മസ്താന്' എന്ന് വിളിപ്പേരുള്ള ഒരാളില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയിരുന്നതെന്ന് ഇവര്‍ എക്സൈസിനോട് വ്യക്തമാക്കി. പിടിയിലായതിന് ശേഷവും മയക്കുമരുന്ന് ആവശ്യപ്പെട്ട് നിരവധി യുവതീ യുവാക്കള്‍ ഇവരുടെ ഫോണിലേക്ക് വിളിച്ചിരുന്നതായും എക്സൈസ് പറഞ്ഞു.