കെഎസ്യു പ്രതിഷേധ പ്രകടനം നടത്തി
1374895
Friday, December 1, 2023 6:06 AM IST
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തില്‍ അനാവശ്യ ഇടപെടല്‍ പുറത്തായ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എറണാകുളം ഡിസിസി ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനം സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലി ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ വിസിയോട് കടക്കു പുറത്ത് എന്നു പറഞ്ഞ സുപ്രീംകോടതിയുടെ വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. രാഷ്ട്രീയ ധാര്‍മികത ഉണ്ടെങ്കില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു തല്‍സ്ഥാനം രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും മുബാസ് ഓടക്കാലി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണലാല്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കെ.എസ്യു പ്രവര്‍ത്തകര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കെഎസ്യു സംസ്ഥാന ഭാരവാഹികളായ അല്‍ അമീന് അഷ്റഫ്, മിവാ ജോളി, പ്രിയ സി.പി., ആഷിന് പോള്‍ എന്നിവർ നേതൃത്വം നല്കി.