ദമ്പതികളെ ആക്രമിച്ച് കാറുമായി കടന്ന കേസ്: പ്രതി അറസ്റ്റിൽ
1374894
Friday, December 1, 2023 6:06 AM IST
ആലുവ: കാറിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ദമ്പതികളെ ആക്രമിച്ച് കാറും പണവും തട്ടിയെടുത്ത സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. സംഭവം നടന്ന് 24-ാം മണിക്കൂറിലാണ് പ്രതിയായ കൊടികുത്തുമല പുത്തൻപറമ്പിൽ ഷെഫീഖിനെ (45) പിടികൂടിയത്. പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കളമശേരിയിലെ ഒളിത്താവളത്തിൽനിന്ന് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.
പത്തോളം കേസുകളിലെ പ്രതിയാണ്. വടക്കേക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ എക്സൈസ് ജീപ്പിൽ വാഹനം ഇടിപ്പിച്ച കേസിലും പറവൂരിൽ 20 കിലോ കഞ്ചാവ് പിടിച്ച കേസിലും ആലുവ എക്സൈസ് എംഡിഎംഎ പിടിച്ച കേസിലും ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.
പട്ടേരിപ്പുറം പുത്തനങ്ങാടി പി.വി. ജൊക്കി (61), ഭാര്യ ഷിനി (53) എന്നിവർക്കാണ് പ്രതിയുടെ അക്രമത്തിൽ പരിക്കേറ്റത്. കഴിഞ്ഞ രാത്രിയാണ് അണ്ടി കമ്പനി സ്റ്റോപ്പിനും അസീസി ജംഗ്ഷനും ഇടയിൽ വച്ച് കാറും ബൈക്കും ഉരസിയെന പേരിൽ തർക്കം ഉണ്ടായത്. കാറോടിച്ച ജൊക്കിയെ ക്രൂരമായി മർദിക്കുകയും ഭാര്യ ഷിനിയെ അസഭ്യം വിളിക്കുകയും ചെയ്തു.
ജൊക്കി പരിക്കുകളോടെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ ചികിത്സയിലാണ്.
20000 രൂപ ആവശ്യപ്പെട്ടാണ് ഷെഫീഖ് ആക്രമിച്ചതെന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആക്രമിച്ച ശേഷം കാറും 60000 രൂപയുമായി പ്രതി കടന്നതായും ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.