രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം: നഗരത്തില്‍ ഗതാഗത നിയന്ത്രണം
1374893
Friday, December 1, 2023 6:06 AM IST
കൊച്ചി: രാഹുല്‍ ഗാന്ധി എംപിയുടെ സന്ദര്‍ശത്തോടനുബന്ധിച്ച് ഇന്നു രാവിലെ ഒമ്പത് മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. വൈറ്റില വഴിയും കുണ്ടന്നൂര്‍, തേവര വഴിയും സമ്മേളനത്തിനായി വരുന്ന വലിയവാഹനങ്ങള്‍ ബിടിഎച്ച് ജംഗ്ഷനില്‍ ആളെ ഇറക്കിയതിനുശേഷം വെല്ലിംഗ്ടണ്‍ ഐലൻഡില്‍ പാര്‍ക്ക് ചെയ്യേണ്ടതും, ചെറിയ വാഹനങ്ങള്‍ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലും, എറണാകുളത്തപ്പന് ഗ്രൗണിലും പാര്‍ക്ക് ചെയ്യേണ്ടതുമാണ്.
പാലാരിവട്ടം വഴി വരുന്ന എല്ലാ വാഹനങ്ങളും എംജി റോഡ് ഫാര്‍മസി ജംഗ്ഷനില്‍ ആളെ ഇറക്കിയതിനുശേഷം എന്‍എച്ച് ബൈപാസ്' പാരലല്‍ റോഡ്/ വെല്ലിംഗ്ടണ്‍ ഐലൻഡ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. കണ്ടെയ്നര്‍ റോഡ് വഴി വരുന്ന എല്ലാ വാഹനങ്ങളും ചാത്യാത്ത് ജംഗ്ഷനില്‍ ആളെ ഇറക്കി വല്ലാര്‍പാടം ബസിലിക്ക ഗ്രൗണ്ടിലും കണ്ടെയ്നര്‍ റോഡിന്റെ വശങ്ങളിലും അപകടരഹിതമായ രീതിയില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
കൊച്ചി സിറ്റിയിലെ വിവിധയിടങ്ങളില്‍ നിന്നും പശ്ചിമകൊച്ചിയിലും വൈപ്പിന്‍ ഭാഗത്തുനിന്നും കൊച്ചി സിറ്റിയിലേക്ക് പ്രവേശിക്കുന്ന റോഡുകളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. പശ്ചിമകൊച്ചിയില്‍ നിന്നു വരുന്ന മറ്റ് വാഹനങ്ങള്‍ എജി റോഡ് വഴി ഫാര്‍മസി ജംഗ്ഷനിലെത്തി പോകണം. വൈപ്പിന്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഫാര്‍മസി ജംഗ്ഷനിലെത്തി പോകേണ്ടതാണ്. ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്നും ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നിന്നും വാഹനങ്ങള്‍ക്ക് മേനക ഭാഗത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. കൂടാതെ വൈപ്പിന്‍ ഭാഗത്തേക്ക് പോകേണ്ടതായ വാഹനങ്ങള്‍ കച്ചേരിപ്പടി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ചിറ്റൂര്‍ റോഡ് വഴി ചാത്യാത്ത് ഭാഗത്തെത്തി പോകേണ്ടതാണ്.