തൃക്കാക്കര നഗരസഭയിലെ ജലാശയങ്ങളിൽ മലിനജലം
1374892
Friday, December 1, 2023 6:06 AM IST
കാക്കനാട്: തൃക്കാക്കരയുടെ കിഴക്കൻ മേഖലകളിലെ സ്വകാര്യ ഫ്ളാറ്റുകളിൽനിന്നു മലിന ജലം ജലാശയങ്ങളിലേക്ക് ഒഴുക്കുന്നതായി പരാതി ഉയർന്നതോടെ നടപടിയുമായി നഗരസഭ.
ജില്ലാതല മാലിന്യ നിർമാർജ എൻഫോഴ്സ്മെന്റ് ടീമും തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയിൽ അത്താണി - തെങ്ങോട് റോഡിലെ പുറവ എറ്റെർനിറ്റി, അത്താണിയിലെ ഫോർട്ട് ഗ്രാൻ അപാർട്ട്മെന്റ് എന്നിവിടങ്ങളിൽനിന്ന് സമീപത്തെ ജലാശങ്ങളിലേക്ക് മലിന ജലം ഒഴുക്കുന്നതായി കണ്ടെത്തി. നഗരസഭാ ആരോഗ്യ വിഭാഗം ഇരുവർക്കും 25,000 രൂപവീതം പിഴ ഈടാക്കി.
ജനവാസ മേഖലയിലേക്ക് മലിന ജലം ഒഴുക്കിയ സംഭവത്തിൽ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിക്കെതിരെ തൃക്കാക്കര നഗരസഭ 25000 രൂപ പിഴ ചുമത്തി. കാക്കനാട് കെബിപിഎസിൽ നിന്നു മലിന ജല കുഴൽ വഴി പ്രിന്റിംഗ് വാഷ് ചെയ്യുന്ന ജലവും കെമിക്കലുകളും മണ്ണെണ്ണയും കലർന്ന ജലവും പൈപ്പ് വഴി കാനയിലേക്ക് ഒഴുക്കി വിടുന്നതായുള്ള പരാതിയെ തുടർന്നാണ് നഗരസഭ പിഴ ചുമത്തിയത്.