ഗോശ്രീ ബസുകളുടെ നഗര പ്രവേശനം; സർക്കാർ വിജ്ഞാപനം നിരാശാജനകമെന്ന്
1374886
Friday, December 1, 2023 6:05 AM IST
വൈപ്പിൻ: ഗോശ്രീ ബസുകളുടെ നഗര പ്രവേശനം സംബന്ധിച്ച് സർക്കാർ ഇറക്കിയ അന്തിമ വിജ്ഞാപനം നിരാശാജനകമെന്ന് ഇതുമായി ബന്ധപ്പെട്ട് സമരരംഗത്തുള്ള റസിഡൻസ് അപ്പക്സ് സംഘടനയായ ഫ്രാഗ് നിർവാഹക സമിതി യോഗം കുറ്റപ്പെടുത്തി. കരട് വിജ്ഞാപനത്തില്‍ ചൂണ്ടിക്കാണിച്ച ന്യൂനതകള്‍ പരിഹരിക്കാതെ അതേപടി നിലനിർത്തിയാണ് അന്തിമ വിജ്ഞാപനമിറക്കിയിട്ടുളളതെന്ന് യോഗം ചൂണ്ടിക്കാട്ടി.
പറവൂരില്‍നിന്നു വൈപ്പിൻ വഴി വൈറ്റില ഹബ്ബ് വരെ 36 കിലോമീറ്ററും കാക്കനാട്ടേക്ക് 38 കിലോമീറ്ററുമാണ് ദൂരം. വിജ്ഞാപന പ്രകാരം ഈ റൂട്ടില്‍ പരമാവധി ഓവർലാപിംഗ് 25 കിലോമീറ്ററാണ്. ഈ സാഹചര്യത്തിൽ പറവൂര്‍ ഭാഗത്ത് നിന്നുള്ള 65 ബസുകള്‍ക്ക് നഗരപ്രവേശനം സാധ്യമാകില്ലെന്നാണ് വിലയിരുത്തുന്നത്.
പറവൂര്‍ മുതല്‍ ചെറായി വരെയുള്ള അഞ്ചര കിലോമീറ്റര്‍ പൂര്‍ണമായും ദേശസാല്ക്കരിച്ചിരിക്കുകയാണ്. മുനമ്പം-ഹൈക്കോര്‍ട്ട് ദൂരം 28 കിലോമീറ്ററാണ്. ദേശസാല്‍ക്കരിച്ച വൈപ്പിന്‍ റൂട്ടില്‍ ഓവർ ലാപ്പിംഗ് 25 കിലോമീറ്ററായി ചുരുക്കിയതിനാല്‍ നിലവില്‍ മുനമ്പത്തുനിന്നു പുറപ്പെടുന്ന 25 ബസുകളും കൊടുങ്ങല്ലൂരില്‍നിന്നു വരുന്ന എട്ടു ബസുകളും ഹൈക്കോര്‍ട്ട് ജംഗ്ഷന് വിട്ട് നഗരത്തിലേക്ക് പോകാൻ അനുമതിയുണ്ടാവില്ല.
ഈ സാഹചര്യത്തിൽ വിജ്ഞാപനം പിന്‍വലിച്ച് ന്യൂനതകള്‍ പരിഹരിച്ച് വൈപ്പിന്‍ ബസുകളുടെ നഗരപ്രവേശം ആത്മാര്‍ഥമായി നടപ്പാക്കാന്‍ സർക്കാർ നടപടി സ്വീകരിക്കണമെന്ന്ഫ്രാഗ് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് വി.പി. സാബു അധ്യക്ഷനായി.