നവകേരള യാത്രാ ഫണ്ട്; കരുമാലൂരിൽ ഭരണ-പ്രതിപക്ഷ വാക്പോര്
1374885
Friday, December 1, 2023 6:05 AM IST
കരുമാലൂർ: നവകേരള യാത്രയ്ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പരിപാടിക്ക് കരുമാലൂർ പഞ്ചായത്ത് ഫണ്ടിൽനിന്നു 50,000 രൂപ അനുവദിക്കണമെന്ന സർക്കാർ ആവശ്യത്തിന് എതിരായി ഭൂരിപക്ഷം പഞ്ചായത്ത് അംഗങ്ങളും രംഗത്തുവന്നതോടെ ഭരണ-പ്രതിപക്ഷ വാക്പോര്.
തനത് ഫണ്ടിൽ നിന്നു പണം നൽകണമെങ്കിൽ പഞ്ചായത്ത് കമ്മിറ്റി കൂടി തീരുമാനിക്കണം. പ്ലാൻ ഫണ്ടിൽ 10,000 രൂപയിൽ അധികം ചെലവഴിക്കാൻ സർക്കാർ ഉത്തരവും പ്രോജക്ടും വേണമെന്നു പ്രതിപക്ഷം പറഞ്ഞു. ഇന്നലെ ചേർന്ന യോഗത്തിൽ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ഒടുവിൽ ഒൻപതിനെതിരെ 11 അംഗങ്ങൾ പണം നൽകരുതെന്ന് അഭിപ്രായം രേഖപ്പെടുത്തി.
ഭൂരിപക്ഷ തീരുമാനം വകവയ്ക്കാതെ പഞ്ചായത്ത് സെക്രട്ടറി പണം നൽകിയാൽ അതിന്റെ പൂർണ ഉത്തരവാദിത്വം സെക്രട്ടറിക്കാണെന്നും അംഗങ്ങൾ ചുണ്ടിക്കാട്ടി. സർക്കാർ തീരുമാനം നടപ്പാക്കാൻ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു അറിയിച്ചു.