വാഹനമിടിച്ച് വയോധികയ്ക്ക് പരിക്കേറ്റ സംഭവം; യുവാവിനെതിരെ കേസെടുത്തു
1374883
Friday, December 1, 2023 6:05 AM IST
ആലങ്ങാട്: വികലാംഗയായ വയോധികയെ ആലങ്ങാട് കാവിന് സമീപം അജ്ഞാത വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു. ബിനാനിപുരം വടക്കേടത്തു പറമ്പിൽ അഭിജിത്ത് മാത്യുവിനെതിരെയാണ് (30) ആലങ്ങാട് പോലീസ് കേസെടുത്തത്.
വാഹനം ഹാജരാക്കാൻ ആവശ്യപ്പെട്ട് ഉടമയ്ക്ക് നോട്ടീസ് നൽകിയതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 19 നാണു കേസിനാസ്പദമായ സംഭവം നടന്നത്. ആലങ്ങാട് കാവ് ഭാഗത്തു വച്ചാണു റോഡിലൂടെ നടന്നു പോകുകയായിരുന്ന ആലങ്ങാട് വേങ്ങുപറമ്പിൽ വീട്ടിൽ ഐഷ രാജനെ (65) അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചത്. തുടർന്നു വാഹനം നിർത്താതെ പോയി.
റോഡിൽ തലയിടിച്ചു വീണ വയോധികയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതര പരുക്കേറ്റ വയോധിക ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. തുടർന്ന് ആലങ്ങാട് പോലീസ് നടത്തിയ പരിശോധനയിൽ സംഭവസ്ഥലത്തുനിന്ന് ഇരുചക്ര വാഹനത്തിന്റെ ഒരു ഭാഗം ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ വാഹനമോടിച്ച യുവാവിനെയും ഇരുചക്ര വാഹനവും പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടർന്നാണു യുവാവിനെതിരെ കേസെടുത്തത്.