മൂവാറ്റുപുഴ രൂപത ദിവ്യകാരുണ്യവർഷം പ്രഖ്യാപിച്ചു
1374880
Friday, December 1, 2023 6:05 AM IST
മൂവാറ്റുപുഴ: കേരള കത്തോലിക്കാ സഭയുടെ ആഹ്വാനപ്രകാരം 2023 നവംബർ മുതൽ 2024 നവംബർ വരെ ഒരു വർഷക്കാലം ദിവ്യകാരുണ്യവർഷമായി മൂവാറ്റുപുഴ രൂപത പ്രഖ്യാപിച്ചു.
മൂവാറ്റുപുഴ രൂപത കാര്യാലയത്തിൽ നടന്ന പാസ്റ്ററൽ കൗണ്‍സിൽ യോഗത്തിൽ മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് പ്രഖ്യാപനം നടത്തി.
ദിവ്യകാരുണ്യ വർഷത്തിലെ കർമ പരിപാടികൾക്ക് യോഗം അന്തിമ രൂപം നൽകി. വിശുദ്ധ കുർബാന ഉറവിടവും ഉച്ചകോടിയും എന്ന ആപ്തവാക്യമാണ് പഠനത്തിനും പ്രവർത്തനത്തിനുമായി നൽകുന്നത്.
ആറാമത്തെ അജപാലന സമിതിയുടെ അവസാനത്തെ യോഗത്തിൽ രൂപത വികാരി ജനറാൾ റവ. തോമസ് ഞാറക്കാട്, ഫാ. തോമസ് ആറ്റുമാലിൽ, മദർ ജോസ്ന, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി വി.സി. ജോർജുകുട്ടി, ചാക്കോ ടി. വർഗീസ് എന്നിവർ പ്രസംഗിച്ചു.
രൂപതാംഗങ്ങളായ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ ബോബി ചാണ്ടി, കെസിബിസി ലോഗോസ് ക്വിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഷിബു തോമസ് എന്നിവരെ ബിഷപ് ഡോ. യുഹാനോൻ മാർ തെയഡോഷ്യസ് ആദരിച്ചു.