വിസ്മയമൊരുക്കി ഐഎസ്ആർഒ പ്രദർശനം
1374873
Friday, December 1, 2023 6:05 AM IST
മൂവാറ്റുപുഴ: രാജ്യത്തിന്റെ ബഹിരാകാശ ചരിത്രവും നേട്ടങ്ങളും വിവരിച്ച് വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ ഒരുക്കിയ ബഹിരാകാശ പ്രദർശനവും കോളജിന്റെ ഓപ്പണ്‍ ഡേ യുടെ ഭാഗമായ ശാസ്ത്ര സാങ്കേതിക പ്രദർശനവും വിദ്യാർഥികൾക്ക് കൗതുകമായി.
ഐഎസ്ആർഒയുടെ ഗവേഷണ പുരോഗതികൾ, ചന്ദ്രയാൻ, ഗംഗയാൻ, ആദിത്യ തുടങ്ങിവ മനസിലാക്കാൻ സഹായിക്കുന്നതായിരുന്നു പ്രദർശനം. കോളജ് മാനേജർ മോണ്‍.ഡോ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ റവ.ഡോ. പോൾ പാറത്താഴം, കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. രാജൻ, വൈസ് പ്രിൻസിപ്പൽ സോമി പി. മാത്യു എന്നിവർ പ്രസംഗിച്ചു. ഐഎസ്ആർഒ ഇൻസ്ട്രക്ടർ ആർ. അനീഷ് പങ്കെടുത്തു. പ്രോഗ്രാം കോഡിനേറ്റർമാരായ ഡോ. കെ ഷണ്മുഖേഷ്, ഡോ. ഷൈൻ ജോർജ്, ഡോ. സോണി കുര്യൻ എന്നിവർ നേതൃത്വം നൽകി. വിവിധ റോക്കറ്റ് മാതൃകകൾ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. പ്രദർശനം ഇന്ന് സമാപിക്കും. മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ മേഖലകളിൽ നിന്നായി 5000 ത്തോളം വിദ്യാർഥികൾ പ്രദർശനം കാണാൻ എത്തിയിരുന്നു.