കുസാറ്റ് ദുരന്തം : സംഘാടകരുടെ മൊഴി രേഖപ്പെടുത്തി
1374658
Thursday, November 30, 2023 6:53 AM IST
കൊച്ചി: കുസാറ്റ് ദുരത്തില്‍ ടെക്ഫെസ്റ്റ് സംഘാടകരുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. അധ്യാപകരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും അന്വേഷണസംഘം മൊഴി രേഖപ്പെടുത്തി.
അതേസമയം കുസാറ്റ് വിസിയുടെയും രജിസ്ട്രാറുടെയും അടക്കം മൊഴിയെടുക്കാന്‍ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. കുസാറ്റ് അപകടത്തിന് കാരണക്കാരായവരെ ഉടന്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കൊച്ചിന് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനും കളമശേരി സ്വദേശിയായ യുവാവും പോലീസിന് പരാതി നല്കി.
ടെക് ഫെസ്റ്റിന് ഗാനനിശയുണ്ടായിരുന്നതായി അറിയില്ലെന്ന കുസാറ്റിന്റെ വിശദീകരണം തെറ്റെന്നും പരിപാടിയുടെ ഫ്ളക്സും മറ്റും സ്ഥാപിച്ചിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്. ഈ പരാതികളും പ്രത്യേക അന്വേഷണസംഘം പരിശോധിക്കും.
കുറ്റക്കാർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന്
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട്, കഴിഞ്ഞ 25നു നാലുപേർ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നുമാവശ്യപ്പെട്ട് തൃക്കാക്കര എസിപിക്ക് മനാഫ് പുതുവായിൽ പരാതി നൽകി.
സർവകലാശാലയുടെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗാനമേളയിൽ സെക്യൂരിറ്റിയുടെയും പോലീസിന്റെയും സേവനം ആവശ്യമാണെന്ന് അഭ്യർഥിച്ച് സ്കൂൾ ഓഫ് എൻജിനിയറിംഗ് പ്രിൻസിപ്പൽ സർവകലാശാല രജിസ്ട്രാർക്കും സെക്യൂരിറ്റി ഓഫീസർക്കും ഒരു ഔദ്യോഗിക കത്ത് നൽകിയിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ സേവനം രജിസ്ട്രാർ ആവശ്യപ്പെട്ടില്ല.
ഇത് സർവകലാശാല കൗൺസിലിനെ പോലും അറിയിച്ചില്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.